ബസുകളില്‍ ഇനി ക്രച്ചസും ഊന്നുവടിയും നിര്‍ബന്ധം; മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍

പുതിയ നിയമം അനുസരിച്ച് ബസുകളില്‍ ക്രച്ചസ്/വടി/വാക്കര്‍, കൈവരി/ഊന്ന് എന്നിവ ബസുകളില്‍ നിര്‍ബന്ധമായും ഉണ്ടാകണം.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബസുകളിലും അംഗപരിമിതര്‍ക്ക് സൗകര്യം ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു. ഇതിനായി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്താണ് (ജിഎസ്ആര്‍ 959(ഇ)27-12-19) വിജ്ഞാപനം പുറത്ത് ഇറക്കിയത്.

പുതിയ നിയമം അനുസരിച്ച് ബസുകളില്‍ ക്രച്ചസ്/വടി/വാക്കര്‍, കൈവരി/ഊന്ന് എന്നിവ ബസുകളില്‍ നിര്‍ബന്ധമായും ഉണ്ടാകണം. വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനാവശ്യമായ സൗകര്യവും ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഇനി മുതല്‍ ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഈ സൗകര്യങ്ങളുണ്ടോ എന്ന് പരിശോധിക്കും. ഇക്കഴിഞ്ഞ ജൂലായ് 24-ന് കരട് ചട്ടം പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഒട്ടേറെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിനു ലഭിച്ചു. അവയെല്ലാം പരിഗണിച്ചാണ് അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചത്. മാര്‍ച്ച് ഒന്നു മുതല്‍ ചട്ടം പ്രാബല്യത്തില്‍ വരും.

Exit mobile version