അന്ന് ഇഷ്ടമല്ലെന്ന് പറഞ്ഞത് ഞങ്ങള്‍ പട്ടന്മാരായത് കൊണ്ടാ, മേനോനായ അദ്ദേഹം വേളി കഴിക്കുമ്പോള്‍ നാട്ടുകാര്‍ എങ്ങനെ സ്വീകരിക്കുമെന്ന് പേടിച്ചിരുന്നു; അഡാറ് പ്രണയം വിവാഹത്തിലെത്തിയത് ഇങ്ങനെ

ചുളിവുകള്‍ വീഴ്ത്തിയ കാലവും പ്രായവും മനസ്സില്‍ സൂക്ഷിച്ച ലക്ഷ്മി അമ്മാളിന്റെ മുഖം പറിച്ചെറിയാന്‍ ശ്രമിച്ചെങ്കിലും കൊച്ചനിയനില്‍ അസ്ഥിക്ക് പിടിച്ച പ്രണയം അതിനെ തടഞ്ഞുനിര്‍ത്തി. . ‘നിന്നെ ഞാന്‍ വിവാഹം കഴിച്ചോട്ടേ… നോക്കിക്കോളാം പൊന്നുപോലെ’ ! ഒടുവില്‍ ആ പ്രണയം മനസ്സില്‍ നിന്നും പൊട്ടി ഒഴുകി. ഒറ്റപ്പെടലിന്റെ വീര്‍പ്പു മുട്ടലില്‍ കഴിയുന്ന ലക്ഷ്മിയമ്മാള്‍ കേട്ട ആ പ്രണയാഭ്യര്‍ത്ഥന 20 കൊല്ലങ്ങിള്‍ക്കിപ്പുറവും അവരുടെ കാതുകളില്‍ അലയടിക്കുന്നുണ്ട്.

കേരളം ഒന്നടങ്കം ആഘോഷിച്ച കല്യാണമാണ് രാമവര്‍മപുരം വൃദ്ധസദനത്തിലെ ലക്ഷ്മിയമ്മാളിന്റെയും കൊച്ചനിയന്റെയും. പ്രായം പ്രണയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച് വിവാഹിതരായ ലക്ഷ്മിയമ്മാളിന്റെയും കൊച്ചനിയനിയന്റെയും പ്രണയം വിവാഹത്തിലെത്തിയ കഥ തുറന്നു പറഞ്ഞിരിക്കുകയാണ്. തനിക്ക് ബന്ധുക്കളും ഭര്‍ത്താവുമെല്ലാമുണ്ടായിരുന്നു പക്ഷേ ജീവിതത്തിന്റെ പാതിയില്‍ വെച്ച് ഇവരെല്ലാം തന്നെ വിട്ടുപോയെന്ന് ലക്ഷ്മിയമ്മാള്‍ പറയുന്നു.

തൃശ്ശൂര്‍ക്കാര്‍ക്ക് സുപരിചിതനായ കൃഷ്ണയ്യര്‍ എന്ന പാചക സ്വാമിയായിരുന്നു ദൈവം തനിക്ക് ആദ്യം നല്‍കിയ കൂട്ട്. 21 കൊല്ലം മുമ്പ് ദൈവം തന്നില്‍ നിന്നും അദ്ദേഹത്തെ വേര്‍പിരിച്ചു. മരിക്കും മുമ്പ് അദ്ദേഹം സഹായിയും വിശ്വസ്തനും ആയിരുന്ന കൊച്ചനിയനോട് ആവശ്യപ്പെട്ടത് ഒന്നു മാത്രമായിരുന്നു, ‘മക്കളില്ല ഞങ്ങള്‍ക്ക്. അവള്‍ക്ക് ആരും ഉണ്ടായി എന്നു വരില്ല..നീ അവളെ പൊന്നു പോലെ നോക്കണം..’

അദ്ദേഹത്തിന്റെ മരണവാക്കുകള്‍ ഇപ്പോഴും കാതില്‍ അലയടിക്കുന്നുവെന്ന് ലക്ഷ്മിയമ്മാള്‍ പറയുന്നു. കാലം പിന്നെയും കടന്നുപോയി. ഭര്‍ത്താവ് നഷ്ടപ്പെട്ട താന്‍ പിന്നീട് പലര്‍ക്കും ഒരു ഭാരമായി തോന്നി. ഒറ്റപ്പെട്ട ജീവിതത്തില്‍ പിന്നീട് താങ്ങും തണലുമായത് കൊച്ചനിയനായിരുന്നുവെന്ന് നവവധുവിന്റെ നാണത്തോടെ ലക്ഷ്മിയമ്മാള്‍ പറഞ്ഞു.

തന്നെ തൃശൂര്‍ കോര്‍പ്പറേഷനിലെ സ്‌നേഹവീട്ടിലേക്ക് പ്രവേശിപ്പിച്ചത് അദ്ദേഹമാണ്. എല്ലാം ഉണ്ടെങ്കിലും ഒരു കൂട്ടില്ലെന്ന തോന്നല്‍ ഉള്ളതു കൊണ്ടാകണം, ഒരു ദിവസം അദ്ദേഹം എന്നോടത് ചോദിച്ചു. ‘ഞാന്‍ വിവാഹം ചെയ്‌തോട്ടേ…’ എന്ന്. അദ്ദേഹം തന്നോട് വിവാഹാഭ്യാര്‍ത്ഥന നടത്തുമ്പോള്‍ എനിക്ക് ഇഷ്ടക്കേടൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ മറ്റ് പലകാര്യങ്ങളുമായിരുന്നു തന്നെ സമ്മതമാണെന്ന് പറയുന്നതില്‍ നിന്നും പിന്നോട്ട് വലിച്ചത്.

ഞങ്ങള്‍ പട്ടന്‍മാരാണ്, മേനോനായ അദ്ദേഹം എന്നെ വേളി കഴിക്കുമ്പോള്‍ നാടും നാട്ടാരും എങ്ങനെ സ്വീകരിക്കുമെന്ന് പേടിച്ചിരുന്നു. വൃദ്ധസദനത്തിലെ സൂപ്രണ്ട് ജയകുമാര്‍ സാറിനോട് വിവാഹം കഴിക്കണമെന്നല്ല ജാതികൊണ്ട് മനുഷ്യനെ അളക്കുന്ന കാലത്ത് ഒരുമിച്ച് ജീവിച്ചാല്‍ മതിയെന്ന് മാത്രമായിരുന്നു ഞങ്ങള്‍ ആവശ്യപ്പെട്ടത്.

പക്ഷേ അദ്ദേഹത്തിന്റെ നല്ല മനസ്സ് ഞങ്ങളെ ഇരുവരെയും ഒരു താലിച്ചരടില്‍ കോര്‍ണത്തിണക്കിയെന്നും ലക്ഷ്മിയമ്മാള്‍ ചെറു നാണത്തോടെ പറയുന്നു. കൊച്ചനിയന്‍ ചേട്ടനെ എങ്ങനെ ഇത്രയും കാലം സ്‌നേഹിച്ചു എന്ന് പലരും ചോദിക്കും. കാലമെത്ര കഴിഞ്ഞാലും ആ മനുഷ്യനെ എനിക്ക് ഇഷ്ടായിരുന്നു. ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു… ഇത്രയും പറഞ്ഞ് നിര്‍ത്തുമ്പോള്‍ ലക്ഷ്മിയമ്മാളിന്റെ കണ്ണുകളില്‍ പ്രണയത്തിന്റെ നക്ഷത്രങ്ങള്‍ മിന്നിമറയുന്നുണ്ടായിരുന്നു.

Exit mobile version