ഉത്തരേന്ത്യ അല്ല ഇത് കേരളം; റോഡുമില്ല, വാഹനവുമില്ല; പായയില്‍ കെട്ടി മൃതദേഹവുമായി നാട്ടുകാര്‍ നടന്നത് കിലോമീറ്ററുകളോളം

കോതമംഗലം: ആംബുലന്‍സ് വരാന്‍ സൗകര്യമില്ലാത്തതിനാല്‍ കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയില്‍ ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. വല്ലപ്പോഴും ജീപ്പുകള്‍ ഇതുവഴി വരാറുണ്ടെങ്കിലും മൃതദേഹം കൊണ്ടുപോകാനായി ജീപ്പുകളും ലഭിച്ചില്ല. ഇതോടെയാണ് മൃതദേഹം ചുമന്ന് കൊണ്ടുപോകാന്‍ അയല്‍വാസികള്‍ നിര്‍ബന്ധിതരായത്.

കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ച കുഞ്ചിപ്പാറ കോളനിയിലെ സോമന്റെ(42) മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി കോതമംഗലം ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നു. ജീപ്പുകള്‍ കിട്ടാതെ വന്നതോടെ മൃതദേഹം പായയില്‍ കെട്ടി ചുമന്ന് മൂന്നുകിലോമീറ്ററോളമാണ് അയല്‍വാസികള്‍ നടന്നത്. ഇവിടേക്ക് ആംബുലന്‍സിന് വരാനുള്ള സൗകര്യമില്ലായിരുന്നു.

കല്ലേരിമേട്ടിലെത്തിച്ച മൃതദേഹം അവിടെനിന്ന് ബ്ലാവന കടത്ത് വരെ ജീപ്പില്‍ കൊണ്ടുപോയി. കടത്ത് കടന്ന ശേഷം കുട്ടമ്പുഴ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ കോതമംഗലം ആശുപത്രിയിലെത്തിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ കോളനിയിലേക്ക് പാലവും റോഡും നിര്‍മിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്.എന്നാല്‍ അധികൃതര്‍ ഇത് കണ്ട മട്ടില്ല.

Exit mobile version