എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും സ്ഥലംമാറ്റവും

കോട്ടയം: എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി. രണ്ട് സെക്ഷന്‍ ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ അടക്കം മൂന്നുപേരെ സ്ഥലം മാറ്റി. സെക്ഷന്‍ ഓഫീസര്‍മാരായ അനന്തകൃഷ്ണന്‍, ബെന്നി കുര്യാക്കോസ് എന്നിവര്‍ക്കാണ് സസ്പെന്‍ഷനും ജോയിന്റ് രജിസ്ട്രാര്‍ ആഷിക്, എം കമാല്‍, നസീബാ ബീവി എന്നിവരെയാണ് സ്ഥലം മാറ്റിയത്.

കൂടാതെ, മാര്‍ക്ക് ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണവും പിന്‍വലിക്കും. നേരത്തെ 188 വിദ്യാര്‍ഥികളുടെ എണ്ണം വെച്ചുകൊണ്ടാണ് സര്‍വകലാശാല അധികൃതര്‍ ഗവര്‍ണര്‍ക്ക് വിശദീകരണ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പിന്‍വലിക്കുന്നതായും സര്‍വകലാശാല അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ പരീക്ഷാ കണ്‍ട്രോളറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനുവരി നാലിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍വകലാശാല റജിസ്ട്രാര്‍ കെ സാബുക്കുട്ടന്റെ നിര്‍ദേശം.

വിവാദ മാര്‍ക്ക് ദാനത്തിലൂടെ 118 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു എന്നായിരുന്നു സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍. ഈ വിദ്യാര്‍ത്ഥികളുടെ പേരും രജിസ്റ്റര്‍ നമ്പരും മറ്റു വിവരങ്ങളും സര്‍വകലാശാല, വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

മാര്‍ക്ക് ദാനം റദ്ദാക്കിയതോടെ വിദ്യാര്‍ഥികളുടെ മാര്‍ക്ക്‌ലിസ്റ്റും സര്‍ട്ടിഫിക്കറ്റുകളും പിന്‍വലിക്കാനുള്ള നടപടിയുടെ ഭാഗമായാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ പട്ടികയിലാണ് പുനര്‍മൂല്യനിര്‍ണയത്തിലൂടെയും സപ്ലിമെന്ററി പരീക്ഷയിലൂടെയും വിജയിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെ പേര് കൂടി ഉള്‍പ്പെട്ടത്. സര്‍വ്വകലാശാല നടപടിക്കെതിരെ ഈ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ചതോടെയാണ് ഗുരുതര പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

ഇതോടെ വിവാദമാര്‍ക്ക്ദാനം പിന്‍വലിച്ചതുള്‍പ്പെടെയുള്ള നടപടികള്‍ അസാധുവായി. ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടിയിലും 118 വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ആണ് ഉള്‍പ്പെട്ടിട്ടുള്ളത്. ബിടെക് സെക്ഷനിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇതിനെല്ലാം കാരണമെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍.

Exit mobile version