ബൈക്കിന് പിന്നില്‍ നായയെ നിര്‍ത്തി സാഹസിക യാത്ര; ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

കോട്ടയം-കുമളി റോഡില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉടമസ്ഥന്‍ ഹെല്‍മറ്റും ധരിച്ചിരുന്നില്ല.

കോട്ടയം: വളര്‍ത്തുനായയെ ബൈക്കിന്റെ പിന്നിലിരുത്തി സാഹസിക യാത്ര നടത്തിയ ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. കോട്ടയം-കുമളി റോഡില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉടമസ്ഥന്‍ ഹെല്‍മറ്റും ധരിച്ചിരുന്നില്ല.

സംഭവംകണ്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സാബു നിയമം ലംഘിച്ചുള്ള ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ബൈക്കിന്റെ ആര്‍സി ഉടമയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടോജോ എം തോമസ് നോട്ടീസ് അയക്കുകയായിരുന്നു.

വളര്‍ത്തുമൃഗത്തെ അപകടകരമായ രീതിയില്‍ ബൈക്കില്‍ നിര്‍ത്തി പൊതുനിരത്തിലൂടെ യാത്ര ചെയ്തതിനും ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും ചേര്‍ത്ത് 1500 രൂപ പിഴയടക്കണമെന്നാണ് നോട്ടീസ്.

നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം ഉടമസ്ഥന്‍ ഹാജരാകാനും വിശദീകരണം എഴുതി നല്‍കണം നോട്ടസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കും.

Exit mobile version