കൊട്ടേക്കാട് വനമേഖലയില്‍ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

പാലക്കാട്; കൊട്ടേക്കാട്ട് വനമേഖലയില്‍ റെയില്‍വേ പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാട്ടാന ട്രെയിന്‍ തട്ടി ചരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഇതുവഴി കടന്നു പോയ തിരുവനന്തപുരം-ചെന്നൈ ട്രെയിന്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

രാത്രി പതിനൊന്നുമണിയോടെ കോയമ്പത്തൂര്‍-പാലക്കാട് റെയില്‍ പാതയിലെ ബി ട്രാക്കിലാണ് അപകടം നടന്നത്. കാട്ടാന ശല്യം തടയാന്‍ റെയില്‍വേ പാളത്തിന്റെ ഒരു വശം സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചിരുന്നു. പാളം മുറിച്ചു കടക്കുന്നതിനിടെ ഫെന്‍സിംഗില്‍ നിന്നും ഷോക്കേറ്റതിനെ തുടര്‍ന്ന് കാട്ടാന തിരിച്ച് വരുന്നതിനിടെ ട്രെയിന്‍ തട്ടിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഈ വര്‍ഷം ഇത് മൂന്നാമത്തെ കാട്ടാനയാണ് ട്രെയിന്‍ തട്ടി ചെരിയുന്നത്. കാട്ടാന ശല്യം തടയുന്നതിനായി പാളത്തിന്റെ ഇരുവശത്തും ഫെന്‍സിംഗ് വേണമെന്ന ആവശ്യം ഉയര്‍ന്നിട്ട് ഏറെ നാളുകളായി.

Exit mobile version