വലയ സൂര്യഗ്രഹണം; നാളെ ഗുരുവായൂര്‍ ക്ഷേത്രം മൂന്നര മണിക്കൂര്‍ അടച്ചിടും

രാവിലെ എട്ടിനാണ് ക്ഷേത്രനട അടയ്ക്കുന്നത്

ഗുരുവായൂര്‍: വലയ സൂര്യഗ്രഹണമായ നാളെ ഗുരുവായൂര്‍ ക്ഷേത്രം മൂന്നര മണിക്കൂര്‍ അടച്ചിടും. നട അടയ്ക്കുന്നതിനാല്‍ ശീവേലിയും പന്തീരടി പൂജയും നേരത്തെ നടത്തും. രാവിലെ എട്ടിനാണ് ക്ഷേത്രനട അടയ്ക്കുന്നത്. പിന്നീട് സൂര്യഗ്രഹണം കഴിഞ്ഞ് 11.30നാണ് നട തുറക്കുക.

നട നേരത്തേ അടയ്ക്കുന്നതിനാല്‍ വഴിപാട് നടത്തിയവര്‍ രാവിലെ എട്ടിന് മുമ്പായി പ്രസാദം വാങ്ങണമെന്നും വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ രാവിലെ എട്ടിന് മുമ്പായി നടത്തണമെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു. പ്രഭാത ഭക്ഷണം രാവിലെ 7.45 വരെ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. ഉച്ചയ്ക്ക് പ്രസാദ ഊട്ടില്ല. തൃമധുരം, പാല്‍പായസം എന്നീ വഴിപാടുകള്‍ നാളെ ശീട്ടാക്കില്ലെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു.

നാളെ രാവിലെ 8.07 മുതല്‍ 11.11 മണി വരെയാണ് സൂര്യഗ്രഹണം. അതേസമയം സൂര്യഗ്രഹണദിന ദര്‍ശനത്തിന് ശബരിമലയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വലയ സൂര്യഗ്രഹണദിനമായ നാളെ രാവിലെ ഏഴരമുതല്‍ പതിനൊന്നരവരെയാണ് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Exit mobile version