കോണ്‍ഗ്രസിലോ, യുഡിഎഫിലോ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല, ഒറ്റക്കെട്ടായി തന്നെ മുന്നേറും; ലക്ഷ്യം ബിജെപിക്ക് എതിരായി പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നത് മാത്രം; രമേശ് ചെന്നിത്തല

കെ.കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കിയതിനുള്ള വിശദീകരണവും ചെന്നിത്തല നല്‍കി

തിരുവനന്തപുരം: പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിലോ, യുഡിഎഫിലോ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന തരത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി വ്യാജപ്രചാരണങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. കെ.കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കിയതിനുള്ള വിശദീകരണവും ചെന്നിത്തല നല്‍കി.

കെ കരുണാകരന്റെ ചരമദിനവുമായി ബന്ധപ്പെട്ടുള്ള അനുസ്മരണ പരിപാടിയില്‍ ഗവണറെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഗവര്‍ണര്‍ ആ പരിപാടിയില്‍ പങ്കെടുക്കരുത് എന്ന വികാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയത്. ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ അഭിപ്രായം ഉണ്ടാകാം. പക്ഷേ ഇരിക്കുന്ന സ്ഥാനത്തിന്റെ ഔന്നിത്യം മാനിച്ചുകൊണ്ടാവണം അഭിപ്രായപ്രകടനമെന്നും ചെന്നിത്തല വ്യക്തമാക്കി.

പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിലോ, യുഡിഎഫിലോ യാതൊരു അഭിപ്രായ വ്യത്യാസങ്ങളും ഇല്ല. യുഡിഎഫിന്റെ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം ബിജെപിക്ക് എതിരായി രാജ്യത്ത് വളര്‍ന്ന് വരുന്ന പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version