സിനിമാ നടിമാരുടെ ശ്രദ്ധയ്ക്ക്, മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താന്‍ നിന്നാല്‍ കണ്ണീരൊഴുക്കേണ്ടി വരും; ഭീഷണിയുമായി യുവമോര്‍ച്ച നേതാവ്

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന സിനിമാപ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുടെ സ്വരമുയര്‍ത്തി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ ആദായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം നകുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേ എന്നു പറഞ്ഞ് കണ്ണീരൊഴുക്കേണ്ടി വരുമെന്നുമായിരുന്നു സന്ദീപിന്റെ ഭീഷണി.

ഫേസ്ബുക്കിലൂടെയാണ് സിനിമാക്കാര്‍ക്കെതിരെ ഭീഷണിയുമായി സന്ദീപ് രംഗത്തെത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞദിവസം കൊച്ചിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍, നടീ നടന്മാര്‍ തുടങ്ങി സിനിമാമേഖലയില്‍ നിന്നുള്ളവരും വിദ്യാര്‍ത്ഥികളും സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും പ്രതിഷേധത്തിനായി അണിനിരന്നു.

ഇതില്‍ പ്രതികരണമെന്നോളമാണ് ഭീഷണി പോസ്റ്റുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ എത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല .

Exit mobile version