പദവി അനുസരിച്ചുള്ള മാന്യത ഉണ്ടാകുന്നില്ല; പൗരത്വ നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ബഹിഷ്‌കരിക്കും; ഗവര്‍ണര്‍ക്ക് എതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെ നിരന്തരം പിന്തുണച്ച് രംഗത്ത് വന്ന കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് പദവി അനുസരിച്ചുള്ള മാന്യത ഉണ്ടാകുന്നില്ലെന്ന് കെ മുരളീധരന്‍ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കെ കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കെ മുരളീധരന്‍ ഗവര്‍ണര്‍ക്കെതിരെ രുക്ഷ വിമര്‍ശനം ഉന്നയിച്ചത്. അതെസമയം വൈകീട്ട് നടക്കുന്ന കെ കരുണാകരന്‍ അനുസ്മരണയോഗത്തിന് ഗവര്‍ണറെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ വളരെ നാള്‍ മുന്നേയാണ് ഗവര്‍ണറെ ക്ഷണിച്ചതെന്നും, ഗവര്‍ണര്‍ പങ്കെടുക്കുമോ എന്ന കാര്യം കണ്ടറിയണമെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ നിയമത്തെ ആദ്യം മുതലേ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിന്റെത്. നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോള്‍, നിയമം നടപ്പാക്കിയെ തീരൂ സംസ്ഥാനങ്ങള്‍ക്ക് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ രംഗത്ത് വന്നിരുന്നു.

കൂടാതെ ഗാന്ധിയും നെഹ്‌റുവും നല്‍കിയ വാഗ്ദാനം ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വീണ്ടും രംഗത്ത് എത്തിയിരുന്നു. ഇതിനെ കോണ്‍ഗ്രസ് നേതാക്കളായ കെസി ജോസഫും വിഎം സുധീരനും വിമര്‍ശിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതി ബില്‍ കോണ്‍ഗ്രസ് സൃഷ്ടിയാണെന്ന ഗവര്‍ണറുടെ കണ്ടുപിടിത്തം വസ്തുതാ വിരുദ്ധമെന്ന് കെസി ജോസഫ് എംഎല്‍എ പറഞ്ഞിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി വക്താവായി അധഃപതിച്ചുവെന്നും ബിജെപിയെ പോലെ ചരിത്രം വളച്ചൊടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും കെസി ജോസഫ് പറഞ്ഞു. ഗവര്‍ണര്‍ ബിജെപിയുടെ പിആര്‍ഒയെ പോലെ പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന് കേരളത്തില്‍ ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യത ഉടന്‍ ഇല്ലാതാവുമെന്നാണ് കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍ പറഞ്ഞത്.

Exit mobile version