നാമജപ പ്രതിഷേധം നടത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ 69 പേര്‍ക്കും ‘രാജകീയ സ്വീകരണം’! പന്തളം കൊട്ടാരത്തില്‍ ഷാളണിയിച്ച് സ്വീകരണവും ഇരുമുടിക്കെട്ട് സൂക്ഷിക്കലും

ജാമ്യത്തില്‍ ഇറങ്ങി എത്തിയ എല്ലാവരെയും കൊട്ടാരം പ്രതിനിധികള്‍ ഷാളണിയിച്ച് സ്വീകരിച്ചു.

സന്നിധാനം: ശബരിമല നടയടച്ചശേഷം നാമജപ പ്രതിഷേധം നടത്തിയവര്‍ക്ക് വന്‍സ്വീകരണമൊരുക്കി പന്തളം കൊട്ടാരം. പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായി കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ 69 പേര്‍ക്കും രാജകീയ സ്വീകരണം തന്നെയാണ് കൊട്ടാരത്തില്‍ ഒരുക്കിയത്.

ജാമ്യത്തില്‍ ഇറങ്ങി എത്തിയ എല്ലാവരെയും കൊട്ടാരം പ്രതിനിധികള്‍ ഷാളണിയിച്ച് സ്വീകരിച്ചു. എല്ലാവരുടെയും ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചു. വിലക്കു തീരുമ്പോള്‍ ഇവരെ വീണ്ടും മലകയറ്റുമെന്നും പന്തളം കൊട്ടാരം അറിയിച്ചു.

ഇന്നലെയാണ് പത്തനംതിട്ട മുന്‍സിഫ് കോടതി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും 69 പേര്‍ക്കും ജാമ്യം അനുവദിച്ചത്. റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന നിര്‍ദേശത്തോടെയാണ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. സുരേന്ദ്രനൊപ്പം തന്നെ ജാമ്യം ലഭിച്ച 69 പേര്‍ക്കും റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

സന്നിധാനത്ത് വിരിവെക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ ശരണംവിളിച്ച് പ്രതിഷേധം നടത്തിയത്. ഹരിവരാസനം പാടി നടയടച്ച ശേഷമായിരുന്നു ഇവരുടെ പ്രതിഷേധം. തുടര്‍ന്നായിരുന്നു പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തത്.

Exit mobile version