മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത നടപടി അപലപനീയം; ഉടന്‍ തന്നെ എല്ലാ മാധ്യപ്രവര്‍ത്തകരെയും വിട്ടയക്കണമെന്ന് എകെ ആന്റണി

മംഗളൂരില്‍ റിപ്പോര്‍ട്ടിംഗിനിടെ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത കര്‍ണ്ണാടക പോലീസ് നടപടിക്കെതിരെ പ്രതികരണവുമായി മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി.

തിരുവനന്തപുരം: മംഗളൂരില്‍ റിപ്പോര്‍ട്ടിംഗിനിടെ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത കര്‍ണ്ണാടക പോലീസ് നടപടിക്കെതിരെ പ്രതികരണവുമായി മുന്‍ കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി. പോലീസ് നടപടി അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

അവിടെ വിദ്യാര്‍ത്ഥികളെയും ജനക്കൂട്ടത്തെയും പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് മലയാളി മാധ്യമപ്രവര്‍ത്തകരെ കര്‍ണ്ണാടക പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന് വേണ്ടിയാണ് മാധ്യമപ്രവര്‍ത്തകരുടെ മൈക്കും ക്യാമറയുംപിടിച്ച് വച്ചിരിക്കുന്നതെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.

അടിയന്തരമായി എല്ലാ മാധ്യപ്രവര്‍ത്തകരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട ആന്റണി അവരുടെ ക്യാമറയും മൈക്കും വിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. അത്യന്തം പ്രതിഷേധാര്‍ഹമായ നടപടിയാണ് നടന്നത്. ഇന്ത്യയിലെ ജനങ്ങളെ രണ്ടായി തിരിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന നിയമത്തിനെതിരെ ഇന്ത്യ ഒട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്.

ഇതിന് മുമ്പ് വ്യാപകമായി ഇന്ത്യ ഉടനീളം ഇങ്ങനെയൊരു പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിച്ചിട്ടില്ലെന്ന് പറഞ്ഞ ആന്റണി പറഞ്ഞു. പ്രതിഷേധത്തെ കേന്ദ്രസേനയെയോ, പൊലീസിനെയൊ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന വ്യാമോഹം വേണ്ടെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Exit mobile version