സ്ത്രീകള്‍ക്ക് നിര്‍ഭയമായി രാത്രി നടക്കാം; 29ന് വഴി തുറക്കും

സംസ്ഥാന വനിത-ശിശു വികസന ഡയറക്ടേററ്റിന്റെ നേതൃത്വത്തില്‍ 29-ന് പാതിരാത്രിയിലാണ് 'രാത്രി നടത്തത്തിന്' തുടക്കമാകുന്നത്

കോട്ടയം: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന തരത്തിലുള്ള വാര്‍ത്തകളാണ്് ദിനംപ്രതി മാധ്യമങ്ങളില്‍ വരുന്നത്. പേടിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ മൂലം ഇരുട്ടെത്തും മുമ്പേ വീട്ടിലണയാന്‍ നിര്‍ബന്ധിതരാവുകയാണ് സ്ത്രീകള്‍. രാത്രിയിലെ ആഘോഷങ്ങളില്‍ നിന്നെല്ലാം പലരും അകന്നു നില്‍ക്കുന്നു. ഏതു പാതിരാത്രിയിലും സ്ത്രീകള്‍ക്ക് കേരളത്തിലെ വഴികളിലൂടെ ‘നിര്‍ഭയമായി’ നടക്കാമെന്ന് കേള്‍ക്കുമ്പോള്‍, എത്ര സുന്ദരമായ നടക്കാത്ത സ്വപ്നമെന്നു കരുതും മിക്കവരും. എന്നാല്‍ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന വനിത-ശിശു വികസന വകുപ്പ്.

ധൈര്യത്തോടെ സ്ത്രീകള്‍ക്ക് ഏതു പാതിരാത്രിയിലും പൊതുവഴിയില്‍ ഇറങ്ങിനടക്കാന്‍ ‘നിര്‍ഭയദിന’മായ ഡിസംബര്‍ 29-നു വഴിതുറക്കുന്നു.സംസ്ഥാന വനിത-ശിശു വികസന ഡയറക്ടേററ്റിന്റെ നേതൃത്വത്തില്‍ 29-ന് പാതിരാത്രിയിലാണ് ‘രാത്രി നടത്തത്തിന്’ തുടക്കമാകുന്നത്. അന്ന് രാത്രി 11 മുതല്‍ 30-ന് വെളുപ്പിന് രണ്ടുവരെ സ്ത്രീകള്‍ക്ക് സധൈര്യം ഇറങ്ങി നടക്കാം. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 100 പട്ടണവീഥികളിലാണ് നിര്‍ഭയം ഇറങ്ങിനടക്കാന്‍ അവസരമൊരുങ്ങുന്നത്.

എല്ലാ സുരക്ഷയും ഉറപ്പാക്കിയാണ് രാത്രിനടത്തത്തിന് അവസരമൊരുക്കുന്നത്. സ്ഥലം തെരഞ്ഞെടുക്കുന്നതിനു മുന്‍പ് ജനമൈത്രി പോലീസിന്റെ സഹായത്തോടെ ക്രൈം സീന്‍ മാപ്പിങ് നടത്തണം. ഈ സ്ഥലങ്ങളില്‍ ആവശ്യമായ വഴിവിളക്കും സിസിടിവി സംവിധാനവും ഉറപ്പാക്കും. ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘമായിട്ടോ ആണ് നടത്തം. കൈയെത്തുംദൂരത്ത് സഹായം കിട്ടുമെന്ന ഉറപ്പില്‍ 200 മീറ്റര്‍ അകലത്തില്‍ അടുത്തസംഘത്തെ വിന്യസിപ്പിക്കും.

രാത്രി നടത്തത്തിനെത്തുന്നവര്‍ക്ക് പ്രത്യക്ഷത്തിലല്ലാതെ പോലീസ് സഹായം നിരത്തിലുണ്ടാകണം. പോലീസ് വാഹനവും പ്രത്യക്ഷത്തില്‍ ഉണ്ടാവില്ല. എന്നാല്‍ ഒറ്റയ്ക്കുപോകുന്നവരും ചെറുസംഘങ്ങളും അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ വിസില്‍ കരുതണമെന്ന് നിര്‍ദേശമുണ്ട്. വനിതാദിനമായ മാര്‍ച്ച് എട്ടുവരെയുള്ള ആഴ്ചകളില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം.
വകുപ്പിലെ വനിതാ ജീവനക്കാരും വനിതാ സംഘടനകളും ഉള്‍പ്പെടുന്ന പട്ടികയില്‍നിന്ന് കുറഞ്ഞത് 25 പേരെയാണ് നടത്തത്തിനു സജ്ജരാക്കുന്നത്.

Exit mobile version