മംഗളൂരുവില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍; റിപ്പോര്‍ട്ടിംഗ് തടഞ്ഞു

മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.

മംഗളൂരു: മംഗളൂരുവില്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറ അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ മംഗലാപുരത്ത് നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിയത് എന്നാണ് വിവരം. പോലീസ് എത്തി മാധ്യമപ്രവര്‍ത്തകരോട് ഇവിടെ നിന്ന് മാറാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്നലെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ ഇന്നലെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.

അതേസമയം, മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version