സ്വജീവന്‍ പോലും മറന്ന് രക്ഷകരായി; ദേശീയധീരതാ പുരസ്‌കാരം കോഴിക്കോട് സ്വദേശികളായ മൂന്ന് കുട്ടികള്‍ക്ക്

തിരുവനന്തപുരം: കോഴിക്കോട് സ്വദേശികളായ മൂന്ന് കുട്ടികള്‍ക്ക് ദേശീയധീരതാ പുരസ്‌കാരം. കോഴിക്കോട് രാമനാട്ടുകര തോട്ടുങ്ങലില്‍ കെ. ആദിത്യ, തിക്കോടി സ്വദേശി മുഹമ്മദ് മുഹ്‌സിന്‍, വടകര പുതുപ്പണം സ്വദേശി ഫത്താഹ് എന്നിവര്‍ക്കാണ് ബഹുമതികള്‍. ഏറ്റവുംവലിയ ബഹുമതിയായ ഭരത് അവാര്‍ഡ് ആദിത്യയ്ക്ക് ലഭിച്ചു. സ്വജീവന്‍പോലും ത്യജിക്കാന്‍ തയ്യാറായി കുട്ടികള്‍ നടത്തുന്ന ധീരതാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ തീപിടിച്ചതിനെ തുടര്‍ന്ന് ബസ്സില്‍ അകപ്പെട്ടുപോയ 20 പേരുടെ ജീവന്‍ സ്വന്തം ജീവന്‍ പോലും മറന്ന് രക്ഷിച്ചതിനാണ് ആദിത്യയ്ക്ക് പുരസ്‌കാരം. ഇതാദ്യമായാണ് കേരളത്തിന് പുരസ്‌കാരം ലഭിക്കുന്നത്. കടലിലെ തിരയില്‍പ്പെട്ട മൂന്ന് സഹപാഠികളെ രക്ഷിക്കുന്നതിനിടെ സ്വജീവന്‍ നഷ്ടപ്പെട്ട മുഹമ്മദ് മുഹ്‌സിനാണ് ധീരതയ്ക്കുള്ള ദേശീയ അവാര്‍ഡ്. കടലില്‍ മുങ്ങിത്താഴുന്ന സുഹൃത്തുക്കളെ നോക്കിനില്‍ക്കാതെ മുഹ്‌സിന്‍ കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു.

തീവണ്ടി വരുന്നതിനിടെ ട്രാക്കില്‍ കുടുങ്ങിയ സ്ത്രീക്കും പേരക്കുട്ടിക്കും രക്ഷകനായതിനാണ് ഫത്താഹിന് ദേശീയ ധീരതാ അവാര്‍ഡ് ലഭിച്ചത്. കോഴിക്കോട് വടകര പുതുപ്പണം ജെഎന്‍എംഎസ്എച്ചിലെ ഒമ്പതാംതരം വിദ്യാര്‍ഥിയാണ് മുഹ്‌സിന്‍. ജനുവരി 26-ന് ഡല്‍ഹിയില്‍ റിപ്പബ്ലിക്ദിന പരിപാടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി അവാര്‍ഡുകള്‍ വിതരണംചെയ്യും.

Exit mobile version