നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ലഭിച്ചില്ല; ദൃശ്യങ്ങൾ കാണാൻ ദിലീപ് കോടതിയിലെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് ദിലീപ് കോടതിയിലെത്തി. വിചാരണ കോടതിയിലാണ് ദിലീപ് എത്തിയത്. അഭിഭാഷകനോടും സാങ്കേതിക വിദഗ്ധനോടൊപ്പമായിരുന്നു ദിലീപ് ദൃശ്യങ്ങൾ കാണാനെത്തിയത്. ഉച്ചയ്ക്കു ശേഷമാണ് നടനെത്തിയത്. മറ്റു പ്രതികൾ രാവിലെ തന്നെ കോടതിയിൽ ഹാജരായിരുന്നു.

ദൃശ്യങ്ങളുടെ പകർപ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് ദൃശ്യങ്ങൾ കാണുന്നതിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. നടനു വേണ്ടി മുംബൈയിൽ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനും അഭിഭാഷകനും കോടതിയിൽ എത്തിച്ചേർന്നിട്ടുണ്ട്.

നേരത്തെ, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് വാദിച്ചാണ് പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ പകർപ്പ് അനുവദിക്കാതെ ഉപാധികളോടെ കാണാൻ കോടതി അനുമതി നൽകുകയായിരുന്നു.

Exit mobile version