പൗരത്വ ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടല്ല, ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് കോൺഗ്രസ്; സർക്കാരിന് ഒപ്പം തന്നെ സമരം ചെയ്യുമെന്ന് ലീഗ്; യുഡിഎഫിൽ ഭിന്നത

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ സമരത്തെ ചൊല്ലി യുഡിഎഫിൽ ഭിന്നത. സർക്കാരിനൊപ്പം സമരത്തിനില്ലെന്ന കോൺഗ്രസിന്റെ വാദത്തെ തള്ളി മുസ്ലിം ലീഗ് രംഗത്തെത്തി. സംയുക്ത സമരം ഇനിയുമാകാമെന്നാണ് ലീഗ് നിലപാടെന്നും പൗരത്വ ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാണെന്നാണ് സംയുക്തസമരത്തിലൂടെ വ്യക്തമാകുന്നതെന്നും ലീഗ് നേതാക്കൾ പ്രതികരിച്ചു.

സമരത്തിൽ പങ്കെടുത്തതിനെ ചൊല്ലി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് കോൺഗ്രസ് സംയുക്ത സമരത്തിന് ഇനിയില്ലെന്ന നിലപാടെടുത്തത്. എന്നാൽ കോൺഗ്രസിനെ എതിർത്താണ് ലീഗ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ സർക്കാറുമായി യോജിച്ച് പ്രക്ഷോഭം നടത്തുന്ന കാര്യത്തിൽ യുഡിഎഫിനുള്ളിലെ പൊട്ടിത്തെറി മറനീക്കി പുറത്തെത്തിയിരിക്കുകയാണ്. എന്നാൽ, മുസ്ലിം ലീഗ് മറിച്ചുള്ള നിലപാടുമായി രംഗത്തെത്തിയത് കോൺഗ്രസ് നേതാക്കളെ വെട്ടിലാക്കിയിരിക്കുകയാണ്.

സംയുക്ത സമരം ഇനിയും വേണമെന്നാണ് ലീഗ് നിലപാടെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. പൗരത്വബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന് കാണിക്കാനാണ് പ്രതിഷേധമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദും പ്രതികരിച്ചു. ന്യൂനപക്ഷ സംരക്ഷണ വിഷയങ്ങളിൽ ഇരുമുന്നണികളും കഴിഞ്ഞ കാലങ്ങളിൽ ആരോപണ-പ്രത്യാരോപണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പുതിയ സാഹചര്യം അതല്ലെന്നാണ് മുസ്ലിം ലീഗ് വിശദീകരിക്കുന്നത്. സമരം യുവാക്കളിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. സംയുക്ത സമരത്തിനെതിരെ ഇപ്പോഴുയരുന്ന വിമർശനങ്ങൾ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കം കാരണമാണെന്നാണ് ലീഗ് വിലയിരുത്തൽ

സർക്കാറുമായി യോജിച്ചൊരു സമരം ഇനിയുണ്ടാവില്ലെന്നാണ് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനാണ് കഴിഞ്ഞദിവസം വ്യക്തമാക്കിയത്. സമരത്തിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരൻ എംപിയും രംഗത്തെത്തിയിരുന്നു.

Exit mobile version