ഭാര്യ കൊണ്ട് വന്ന ഭാഗ്യദേവത! ഭാര്യയുടെ നിര്‍ബന്ധപ്രകാരം ലോട്ടറി എടുത്തു; ആലപ്പുഴ സ്വദേശിയെ തേടിയെത്തിയത് 70 ലക്ഷം രൂപ

ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ലോട്ടറി എടുത്ത ആലപ്പുഴ സ്വദേശിയെ ഭാഗ്യദേവത കടാക്ഷിച്ചു. ഹര്‍ത്താല്‍ ദിനത്തിലാണ് ആലപ്പുഴ സ്വദേശിയായ ശുവന്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്ത്രീശക്തിയുടെ ലോട്ടറി എടുത്തത്.

ആലപ്പുഴ: ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി ലോട്ടറി എടുത്ത ആലപ്പുഴ സ്വദേശിയെ ഭാഗ്യദേവത കടാക്ഷിച്ചു. ഹര്‍ത്താല്‍ ദിനത്തിലാണ് ആലപ്പുഴ സ്വദേശിയായ ശുവന്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്ത്രീശക്തിയുടെ ലോട്ടറി എടുത്തത്. എന്നാല്‍ ശിവന്‍ ഒരിക്കലും കരുതിയിരുന്നില്ല ഒന്നാം സമ്മാനം തനിക്ക് ലഭിക്കുമെന്നത്.

എസ്വൈ 170457 എന്ന ടിക്കറ്റിലൂടെയാണ് 70 ലക്ഷത്തിന്റെ ഭാഗ്യം ശിവനെ തേടി എത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ചെട്ടിക്കുളങ്ങര ഈരേഴ തെക്കതില്‍ താമസിക്കുന്ന ശിവനും ഭാര്യ ഓമനയും കൂടി ക്ഷേത്ര ദര്‍ശനത്തിന് പോയത്. പോകുന്നവഴിയില്‍ സ്ഥിരം കാണാറുള്ള ലോട്ടറിക്കാരനെ കണ്ടു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വില്‍പ്പനക്കാരന്റെ അവസ്ഥ അറിഞ്ഞ ഓമന ഭാഗ്യക്കുറി എടുക്കാന്‍ ശിവനെ നിര്‍ബന്ധിക്കുകയായിരുന്നു.

‘ ജോലി ഇല്ലെന്നറിഞ്ഞാണ് ഇന്നലെ രാവിലെ ഭാര്യക്കൊപ്പം ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ പോകാന്‍ തീരുമാനിച്ചത്. പോകുന്ന വഴിക്ക് ഒരാള്‍ ജോലി ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ ജോലിക്ക് പോകാന്‍ നിന്നപ്പോഴാണ് ലോട്ടറിക്കാരന്‍ വന്നത്. അയാളുടെ വിഷമതകള്‍ അറിഞ്ഞ ഭാര്യ എന്നോട് ലോട്ടറി എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ക്ഷേത്രത്തില്‍ പോകാതെ ഞാന്‍ ജോലിക്ക് പോയി’-ശിവന്‍ പറയുന്നു.

മൂന്ന് ടിക്കറ്റുകളാണ് ശിവന്‍ ഇന്നലെ എടുത്തത്. ടിക്കറ്റ് എടുത്തപ്പോള്‍ ചെറിയൊരു പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നുവെന്നും ശിവന്‍ പറയുന്നു. പരിചയക്കാരന്‍ വഴിയാണ് നറുക്ക് വീണ കാര്യം ശിവന്‍ അറിഞ്ഞത്. ‘വൈകുന്നേരം കവലയില്‍ ഇരുന്നപ്പോള്‍ പരിചയക്കാരന്‍ നീ എടുത്ത നമ്പര്‍ ഏതാടാന്ന് ചോദിച്ചു. ഞാന്‍ നമ്പര്‍ പറഞ്ഞ് കൊടുത്തു. ആദ്യം ലോട്ടറി അടിച്ചുവെന്ന് വിശ്വസിച്ചില്ല. തിരികെ വീട്ടിലെത്തി ഒന്നുകൂടി നോക്കിയപ്പോഴാണ് സംഗതി ഉള്ളതാണെന്ന് മനസിലായത്’ശിവന്‍ പറഞ്ഞു.

സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ആളാണ് ശിവന്‍. മുമ്പ് ഒരിക്കല്‍ എടുത്ത ലോട്ടറി ടിക്കറ്റിലൂടെ ശിവനു 500 രൂപ ലഭിച്ചിരുന്നു. അതും സ്ത്രീശക്തി ഭാഗ്യക്കുറി തന്നെ ആയിരുന്നു.

ശിവനും കുടുംബവും നാല് സെന്റിലെ ഒരു ചെറിയ വീട്ടിലാണ് താമസം. കഴിഞ്ഞ 35 വര്‍ഷമായി വീടുകളുടെ വാര്‍പ്പ് ജോലികള്‍ക്ക് പോയിരുന്ന ശിവന് സമ്മാനത്തുക കൊണ്ട് നല്ലൊരു വീട് വയ്ക്കണമെന്നാണ് ആഗ്രഹം.

Exit mobile version