ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയോ? പണം തിരികെ തരും; പുതിയ ഓഫറുമായി സൊമാറ്റോ

ഈ സേവനം രാജ്യത്തെ നൂറിലധികം വരുന്ന നഗരങ്ങളില്‍ ലഭ്യമാകുമെന്ന് സൊമാറ്റോ അറിയിച്ചു

മുംബൈ: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മികച്ച ഓഫറുമായി എത്തുകയാണ് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഇനിമുതല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ പണം തിരിച്ച് ലഭിക്കുന്ന തരത്തിലുള്ള ഓഫറുകളാണ് സൊമാറ്റോ അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപഭോക്തക്കളുടെ എണ്ണം കൂട്ടാനും മികച്ച സേവനം ലഭ്യമാക്കാനുമാണ് സൊമാറ്റോ ലക്ഷ്യമിടുന്നത്.

ഈ സേവനം രാജ്യത്തെ നൂറിലധികം വരുന്ന നഗരങ്ങളില്‍ ലഭ്യമാകുമെന്ന് സൊമാറ്റോ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് സൊമാറ്റോയുടെ ഈ സേവനം ലഭിക്കണമെങ്കില്‍ ആപ്പില്‍ കയറി ഓണ്‍ ടൈം അല്ലെങ്കില്‍ ഫ്രീ എന്ന ഫീച്ചര്‍ ക്ലിക്ക് ചെയ്യണം.

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയാണ് ലഭിക്കുന്നതെങ്കില്‍ ഇതുവഴി പണം തിരികെ ലഭിക്കും. പുതിയ സേവനം ഫുഡ് ഡെലിവറി ബോയ്‌സിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും പുതിയ ഫീച്ചര്‍ ഉപഭോക്താവ് തെരഞ്ഞെടുത്തതായുളള വിവരം അവര്‍ക്ക് കൈമാറാറില്ലെന്നും കമ്പനി വിശദീകരിച്ചു.

Exit mobile version