ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് മാസം 3000 രൂപ, ശസ്ത്രക്രിയയ്ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കൈത്താങ്ങായി സാമൂഹ്യനീതി വകുപ്പ്

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് പ്രതിമാസം 3000 രൂപ വീതം നല്‍കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ.

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള മഴവില്ല് പദ്ധതിയിലൂടെ നടപ്പാക്കുന്ന ട്രാന്‍സ്‌വിമണ്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം ‘സ്‌നേഹക്കൂടിന്റെ’ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ശസ്ത്രക്രിയയ്ക്കുശേഷം സഹായം ആവശ്യമായ കാലയളവ് വരെ തുക നല്‍കാനാണ് പദ്ധതി. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. ശസ്ത്രക്രിയ കഴിഞ്ഞ് വരുന്നവര്‍ക്ക് തുക അനുവദിച്ചു കൊണ്ടിരിക്കുകയാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു. അടുത്ത ഘട്ടത്തില്‍ സര്‍ജറിയും ആരംഭിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പലപ്പോഴും സമൂഹം അത് അംഗീകരിക്കുന്നില്ല. സ്ത്രീയും പുരുഷനും എന്ന പോലെ ഇവരെയും അംഗീകരിക്കാന്‍ കഴിയണം. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിന് വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്നുവരാനും വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കാനും സാധിക്കും.

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കിടയില്‍ നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നല്ല ആരോഗ്യമുള്ള, മനസ്സാന്നിധ്യമുള്ള പൊതുസമൂഹത്തിന്റെ ഭാഗമാണ് തങ്ങളും എന്ന് തലയുയര്‍ത്തി പിടിച്ചു നടക്കുന്നവരായി ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ മാറ്റുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം.

തെരുവുകളില്‍ അല്ല മറിച്ച് വീടുകളിലാണ് ഇവര്‍ വളരേണ്ടതെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വേണ്ടി ആവിഷ്‌കരിച്ച മഴവില്ല് പദ്ധതിയുടെ ഭാഗമായി നിരവധി കാര്യങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

Exit mobile version