‘ഞങ്ങളുണ്ട് ഒരുവിളിപ്പാടകലെ’; പാമ്പ് കടിയേറ്റവര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ച് ഇനി കേരളപോലീസിനെ വിളിക്കാം; വീഡിയോ

പാമ്പ് കടിയേറ്റാല്‍ കേരള പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ച് സഹായം അഭ്യര്‍ഥിക്കാമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതാണ് വീഡിയോ.

തൃശ്ശൂര്‍: പാമ്പു കടിയേറ്റാലും കേരള പോലീസിനെ ഇനി സഹായമഭ്യര്‍ത്ഥിച്ച് വിളിക്കാം. വയനാട്ടില്‍ പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഞങ്ങളുണ്ട് ഒരുവിളിപ്പാടകലെ’ എന്ന സഹായ ബോധവത്കരണ വീഡിയോയുമായി കേരള പോലീസ് എത്തിയിരിക്കുന്നത്.

കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ ആണ് ‘ഞങ്ങളുണ്ട് ഒരുവിളിപ്പാടകലെ’ എന്ന വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. പാമ്പ് കടിയേറ്റാല്‍ കേരള പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ച് സഹായം അഭ്യര്‍ഥിക്കാമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതാണ് വീഡിയോ. വയനാട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹ്ല ഷെറിന്‍ പാമ്പ് കടിയേറ്റ് ചികിത്സ കിട്ടാതെ മരിക്കാനിടയായ സാഹചര്യത്തിന്റെ പശ്ചാത്തലാണ് വീഡിയോ തയ്യാറാക്കിയത്.

വീഡിയോയിലും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അഭിനയിച്ചിരിക്കുന്നത്. ഒരു കുട്ടി പാമ്പ് കടിയേറ്റ് ക്ലാസ് മുറിയില്‍ വീഴുകയും ഈ കാഴ്ച കണ്ട് ചുറ്റുപാടും കൂടി നിന്ന വിദ്യാര്‍ത്ഥികളില്‍ ഒരു കുട്ടി ഓടിപ്പോയി വരാന്തയില്‍ നിന്നിരുന്ന അധ്യാപകന്റെ കൈയ്യില്‍ നിന്നും ഫോണ്‍ വാങ്ങി പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 112 ല്‍ വിളിച്ച് വിവരം അറിയിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് പാമ്പ് കടിയേറ്റ കുട്ടിയെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് പോകുന്നതും കാണാം. പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാകും വിധത്തിലാണ് പോലീസ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വയനാട്ടില്‍ പാമ്പ് കടിയേറ്റ് ചികിത്സ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെപ്പോലെ പാമ്പ് കടിയേറ്റ് തക്ക സമയത്ത് ചികിത്സ കിട്ടാതെ മരണപ്പെട്ട നിരവധി പേരുണ്ട്. ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കെല്ലാം ഏറെ പ്രയോജനകരമാകും കേരള പോലീസിന്റെ ഈ സഹായം.

Exit mobile version