വിട്ടുവീഴ്ചയ്ക്ക് ഇല്ലാതെ നിര്‍മ്മാതാക്കള്‍; ഷെയ്നിനെ ഇതര ഭാഷകളിലും അഭിനയിപ്പിക്കരുതെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

യുവ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിച്ചേക്കും. രണ്ട് സിനിമകള്‍ക്ക് മുടക്കിയ തുക തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

കൊച്ചി: യുവ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടി സ്വീകരിച്ചേക്കും. രണ്ട് സിനിമകള്‍ക്ക് മുടക്കിയ തുക തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.

ഈ മാസം 19 ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും. നിര്‍മ്മാതാക്കള്‍ക്കെതിരെ മനോരോഗികള്‍ എന്ന് വിളിക്കുകയും ചെയ്തതോടെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചത്.

ഷെയ്ന്‍ നിഗത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ വിലക്ക് നീക്കാനുള്ള ഒത്ത് തീര്‍പ്പ് ചര്‍ച്ചകളില്‍ നിന്നും അമ്മയും ഫെഫ്കയും പിന്മാറുകയും ഷെയ്ന്‍ മാപ്പ് പറയാതെ സമവായത്തിനില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം, ഷെയ്‌നെ ഇതര ഭാഷാ സിനിമകളിലും സഹകരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്തയച്ചു. നിര്‍മാതാക്കളുടെ സംഘടന നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഫിലിം ചേമ്പറിന്റെ നടപടി.

ചിത്രീകരണം മുടങ്ങിയത് മൂലമുണ്ടായ കോടികളുടെ നഷ്ടം കൂടി ചൂണ്ടിക്കാട്ടി നിര്‍മാതാക്കള്‍ ഫിലിം ചേമ്പറിന് കത്തുനല്‍കിയിരുന്നു. ഷെയ്‌നിനെ മറ്റു ഭാഷകളിലെ സിനിമകളില്‍ സഹകരിപ്പിക്കരുതെന്നും നിര്‍മ്മാതാക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നു. ഇതനുസരിച്ചാണ് ഷെയ്‌നിനെ ഇന്ത്യന്‍ സിനികളില്‍ അഭിനയിപ്പിക്കരുതെന്ന് കേരള ഫിലിം ചേംബര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനും പ്രൊഡ്യൂസേഴ്സ് ഗില്‍ഡിനും കത്ത് നല്‍കിയത്.

Exit mobile version