പ്രേംകുമാറും സുനിതയും അടുത്തത് ’96’ മോഡലിൽ; ഭാര്യ വിദ്യയെ കൊലപ്പെടുത്തിയത് ‘ദൃശ്യം’ മോഡലിൽ; പോലീസിനേയും അമ്പരപ്പിച്ച് കൂസലില്ലാതെ കൊലപാതകികൾ

കൊച്ചി: കൊച്ചി ഉദയംപേരൂരിൽ വിദ്യയെന്ന സ്ത്രീയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തിയത് കേരളക്കരയ്ക്ക് തന്നെ ഞെട്ടലാകുന്നു. രണ്ടര മാസം മുമ്പ് നടത്തിയ ക്രൂര കൊലപാതകത്തിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചേർത്തല സ്വദേശിനിയായ വിദ്യ (48)യെ ഭർത്താവ് പ്രേംകുമാറും സുഹൃത്ത് സുനിതയും ചേർന്ന് തിരുവനന്തപുരം പേയാടുള്ള വില്ലയിൽ വെച്ച് വിദ്യയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റംബർ 21ന് കൊലപാതകം നടത്തിയ പ്രതികൾ മൃതദേഹം കാറിൽ കയറ്റി കൊണ്ടുപോയി തിരുനെൽവേലിയിൽ ഉപേക്ഷിക്കുകയായിരുന്നു. ശേഷം, മൊബൈൽ ഫോൺ ട്രെയിനിൽ ഉപേക്ഷിക്കുകയും വിദ്യയെ കാണാനില്ലെന്ന പരാതിയുമായി പ്രേംകുമാർ പോലീസിനെ സമീപിക്കുകയും ചെയ്യുകയായിരുന്നു. പ്രേംകുമാറിന്റെ പ്രവർത്തികളിൽ പലവിധത്തിൽ സംശയങ്ങൾ തോന്നിയതോടെയാണ് പോലീസ് മിസിങ് കേസ് എന്ന അന്വേഷണത്തിൽ നിന്നും ട്രാക്ക് മാറ്റിയതും കേസിലെ ദുരൂഹത നീക്കിയതും.

മൃതദേഹം തിരുനെൽവേലിയിലെ ഹൈവേയിൽ കുറ്റിക്കാട്ടിലാണ് പ്രേംകുമാറും സുനിതയും ചേർന്ന് ഉപേക്ഷിച്ചത്. ഇതിനായി പ്രേംകുമാറിന്റെ സുഹൃത്തിന്റെ സഹായം കിട്ടിയതായും സംശയമുയർന്നിട്ടുണ്ട്. വഴിയരികിൽ ഉപേക്ഷിച്ച മൃതദേഹം തമിഴ്‌നാട് പോലീസ് ഏറെ വൈകാതെ കണ്ടെത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാതിരുന്നതിനാൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മറവു ചെയ്യുകയായിരുന്നു. അന്നു തമിഴ്‌നാട് പോലീസെടുത്ത ചിത്രങ്ങളാണ് മൃതദേഹം തിരിച്ചറിയുന്നതിന് സഹായിച്ചത്. അന്നു ധരിച്ച വസ്ത്രങ്ങൾ വിദ്യയുടെ അമ്മ തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, കൊച്ചിയിൽ താമസിച്ചിരുന്ന വിദ്യയുടെ മരണത്തിന് പിന്നിൽ രണ്ട് ശ്രദ്ധേയമായ സിനിമകളുടെ സ്വാധീനവും ഇതോടെ ചർച്ചയാവുകയാണ്. പ്രതികൾ തന്നെയാണ് കുറ്റസമ്മത വേളയിൽ തമിഴ് ചിത്രമായ ’96’ ഉം മലയാള ചിത്രം ‘ദൃശ്യ’വും സ്വാധീനിച്ച വിവരം തുറന്നു സമ്മതിച്ചത്. 96 സിനിമയിലെ റീയൂണിയൻ പ്രണയവും ദൃശ്യത്തിലെ തെളിവ് നശിപ്പിക്കൽ രീതികളുമാണ് പ്രതികൾ സ്വീകരിച്ചത്. ആയുർവേദ ചികിത്സയ്ക്കെന്ന പേരിൽ വിദ്യയെ തിരുവനന്തപുരത്തെ വില്ലയിൽ എത്തിച്ച് മദ്യം നൽകി കഴുത്തി കയർ മുറുക്കി കൊല്ലുകയായിരുന്നു. തുടർന്നു മൃതദേഹം തിരുനൽവേലിയിൽ ഉപേക്ഷിച്ചു. കൊലപാതകം നടത്തിയ ശേഷം വിദ്യയുടെ മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ ടോയ്‌ലറ്റിനു സമീപം മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ചതാണ് ദൃശ്യം മോഡൽ തെളിവ് നശിപ്പിക്കലുമായി ഈ കേസിനെ ബന്ധിപ്പിക്കുന്നത്. വിദ്യയെ അന്വേഷിച്ചിറങ്ങിയ പോലീസ് മംഗളൂരു വരെ മൊബൈൽ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞിരുന്നു. പിടിയിലായതോടെ കേസ് അന്വേഷണം ദൃശ്യം മോഡലിൽ വഴി തെറ്റിക്കാനായിരുന്നു ശ്രമമെന്ന് പ്രേംകുമാർ പോലീസിനോടു സമ്മതിച്ചു.

അതേസമയം, തിരുവനന്തപുരത്ത് സ്‌കൂളിൽ ഒരുമിച്ച് പഠിച്ചിരുന്ന പ്രേംകുമാറും സുനിതയും തമ്മിൽ ഏറെക്കാലമായി ഒരു ബന്ധമുണ്ടായിരുന്നില്ല. എന്നാൽ സ്‌കൂളിൽ നടത്തിയ 96 സിനിമയുടെ മോഡലിൽ നടത്തിയ റീയൂണിയനു ശേഷമാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതും അടുപ്പത്തിൽ ആവുന്നതും. ഈ ബന്ധം പിന്നീട് പ്രണയമായി വളരുകയായിരുന്നുവെന്ന് ഇരുവരും പോലീസിനോട് സമ്മതിച്ചു. ചങ്ങനാശ്ശേരി സ്വദേശി പ്രേംകുമാർ ജോലിയോട് അനുബന്ധിച്ചാണ് കഴിഞ്ഞ മാർച്ചിൽ ഭാര്യ വിദ്യയ്‌ക്കൊപ്പം കൊച്ചി ഉദയംപേരൂർ നടക്കാവ് ആമേട അമ്പലത്തിന് സമീപം വീട് വാടകയ്‌ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനു മുമ്പ് എറണാകുളം ജില്ലയിൽ പലയിടത്ത് ഇവർ മാറിമാറി താമസിച്ചിട്ടുണ്ട്.

ഇതിനിടെ, സുനിത തിരുവനന്തപുരത്തേയ്ക്ക് ജോലിക്കായി എത്തി. അവിടെ ഒരു ആശുപത്രിയിൽ നഴ്‌സിങ് സൂപ്രണ്ടായി ജോലി ചെയ്യുകയായിരുന്നു സുനിത. ഭർത്താവും മക്കളുമായി വേർപിരിഞ്ഞു താമസിക്കുന്ന സുനിതയും പ്രേംകുമാറും ഒരുമിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യയുടെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസിനോട് വെളിപ്പെടുത്തി. കൊലപാതകത്തിലും മരണം സ്ഥിരീകരിക്കുന്നതിലും മൃതദേഹം ഉപേക്ഷിക്കുന്നതിലും സുനിതയ്ക്ക് കൃത്യമായ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും തൃക്കാക്കര എസിപി എം വിശ്വനാഥ് പറഞ്ഞു.

മുമ്പും മൂന്ന് നാല് തവണ കാണാതായ ചരിത്രമുണ്ട് മരിച്ച വിദ്യയ്ക്ക്. ഇത് ഉപയോഗപ്പെടുത്തിയാണ് വിദ്യയെ കാണാനില്ല എന്നു കാണിച്ച് പ്രേംകുമാർ പരാതി നൽകിയത്. എന്നാൽ മുമ്പു കാണാതായപ്പോഴെല്ലാം വിദ്യ വീട്ടുകാരുമായി ബന്ധപ്പെടുമായിരുന്നു. ഇത്തവണ ഇവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടാകാതിരുന്നത് പോലീസിൽ സംശയമുണ്ടാക്കി.

വിദ്യയെ സെപ്റ്റംബർ 21ന് പുലർച്ചെ കൊലപ്പെടുത്തിയ ശേഷം 23ന് തന്നെ തിരിച്ച് എറണാകുളത്തെത്തിയ പ്രേംകുമാർ ഉദയംപേരൂർ സ്റ്റേഷനിൽ പരാതി നൽകി. ഈ സമയം സുനിത കൂടെയുണ്ടായിരുന്നെങ്കിലും കാറിൽ ഇരിക്കുകയായിരുന്നു. ഇവർ പരമാവധി പോലീസിൽ നിന്ന് അകന്നു നിൽക്കാനും ശ്രമിച്ചിരുന്നതായാണ് പോലീസ് വെളിപ്പെടുത്തൽ. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷം പ്രേംകുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് പോലീസിന് സംശയത്തിന് ഇടയാക്കി. ഇതോടെ പോലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു. മൂന്നു ദിവസം മുൻപാണ് പോലീസിന് വിശ്വസനീയമായ വിവരം ലഭിക്കുന്നത്. ഇതോടെ പ്രേംകമാറിനെ തിരുവനന്തപുരത്തെത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായിട്ടും കൂസലില്ലാതെ കുറ്റസമ്മതം നടത്തിയ പ്രതികളെ കണ്ട് പോലീസിനും അമ്പരപ്പാണ് ഉണ്ടായത്. ഇരുവരുടെയും മറ്റൊരു സുഹൃത്തിനും കൃത്യത്തിൽ പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.

Exit mobile version