ആ കുപ്രചരണത്തിനും ഒടുവില്‍ തിരശീല; ‘അയ്യപ്പഭക്തനെ ചവിട്ടുന്ന പോലീസ്’ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം 2013ലേത്!

സിപിഎം പ്രവര്‍ത്തകനെ ഗ്രേഡ് എസ്‌ഐ വിജയദാസ് ചവിട്ടുന്നതാണ്.

കോഴിക്കോട്: സ്ത്രീപ്രവേശന വിധിയ്ക്ക് പിന്നാലെ ശബരിമലയിലേത് രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ കുപ്രചാരണവും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. അത്തരത്തിലുള്ള ഒരു പ്രചരാണത്തിന് മാധ്യമങ്ങള്‍ തിരശീല ഇട്ടിരിക്കുകയാണ്. അയ്യപ്പ ഭക്തനെ പോലീസ് ചവിട്ടുന്നതും മറ്റൊരു പോലീസുകാരന്‍ തടയുന്നതുമായ ചിത്രമാണ് വൈറലാകുന്നത്.

മനിഷാദ… അരുത് കാട്ടാള, അരുത്… അയ്യപ്പഭക്തനെ ആക്രമിക്കുന്ന പോലീസുകാരന്‍ എന്ന തലകുറിപ്പോടു കൂടിയാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍, ഇത് 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിപിഎം നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകനെ ഗ്രേഡ് എസ്‌ഐ വിജയദാസ് ചവിട്ടുന്നതാണ്. അന്ന് മാധ്യമം പത്രം ഒന്നാം പേജില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.

ഈ ചിത്രമാണ് ഇപ്പോള്‍ അയ്യപ്പഭക്തനെ പോലീസ് മര്‍ദിക്കുന്നു എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആളുകള്‍ പ്രചരിപ്പിക്കുന്നത്. നേരത്തെയും, ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്കിടെ പോലീസ് അതിക്രമം എന്ന പേരില്‍ നിരവധി വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇങ്ങനെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version