എട്ട്‌ ഇടത്തെ സ്‌ഫോടനം; ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് 12 മണിക്കൂര്‍ നിരോധനം!

വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള ആപ്പുകളും സൈറ്റുകളുമാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

കൊളംബോ: ശ്രീലങ്കയെ ഞെട്ടിച്ച് ഇന്ന് മാത്രം എട്ടിടത്താണ് സ്‌ഫോടനമുണ്ടായത്. ഏകദേശം 156 പേരാണ് മരിച്ചത്. മരിച്ചവരില്‍ മലയാളിയും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 500ലധികം പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് 12 മണിക്കൂര്‍ നേരത്തേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.

വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള ആപ്പുകളും സൈറ്റുകളുമാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഞായറാഴ്ച വൈകീട്ട് 6 മുതല്‍ തിങ്കളാഴ്ച രാവിലെ 6 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിരോധനം. ഇത് നീട്ടുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നുമാണ് വിവരം.

ശ്രീലങ്കയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സാമുദായിക ഐക്യം തകര്‍ക്കുന്ന സന്ദേശങ്ങളും ദൃശ്യങ്ങളും നിറയാതിരിക്കാനാണ് ഈ തീരുമാനം. കൊളംബോയിലെ പള്ളികളിലും ഹോട്ടലുകളിലുമായി എട്ടിടത്താണ് സ്‌ഫോടനമുണ്ടായത്. ഈസ്റ്റര്‍ ദിവസമായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നതാണ് വലിയ ദുരന്തത്തിലേയ്ക്ക് നയിച്ചത്.

Exit mobile version