‘കാലില്‍ ചങ്ങലയിട്ട നിലയില്‍ 90കാരന്‍’ അന്തരിച്ച ഫാ. സ്റ്റാന്‍ സ്വാമിയുടെ പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം!

ന്യൂഡല്‍ഹി: അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടേതെന്ന പേരില്‍ സൈബറിടത്ത് വ്യാജ ചിത്രം പ്രചരിക്കുന്നു. ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരിക്കെ മരിച്ച സ്റ്റാന്‍ സ്വാമിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത് 90 വയസ്സുള്ള യുപി സ്വദേശിയുടെ ചിത്രം വെച്ചാണ് പ്രചരിക്കുന്നത്. കാലില്‍ ചങ്ങലയിട്ട നിലയില്‍ കഴിയുന്ന ജയില്‍ അന്തേവാസിയുടേതാണ് വൈറലാകുന്ന ചിത്രം.

2021 മെയ്യില്‍ പുറത്തുവന്ന ഈ ചിത്രത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ജയില്‍ വാര്‍ഡനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ ചിത്രമാണ് ഇപ്പോള്‍ സ്റ്റാന്‍ സ്വാമിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. എല്‍ഗാര്‍ പരിഷദ് കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കഴിയവേ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് സ്റ്റാന്‍ സ്വാമിയെ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്ന് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ, അഭിഭാഷകനാണ് ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചുവെന്ന് അറിയിച്ചത്. കൊവിഡ് ബാധിതനായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. പിന്നീട് രോഗം മാറിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതാണ് ജീവന്‍ എടുത്തത്. മെയ് 30 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ജയിലില്‍ കഴിയവേ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബോംബെ ഹൈക്കോടതി ഇടപെട്ടാണ് സ്റ്റാന്‍ സ്വാമിക്ക് ചികിത്സ ഉറപ്പാക്കിയത്.

കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ വച്ച് ഒക്ടോബര്‍ എട്ടിനാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസികള്‍ക്കും ദളിതര്‍ക്കുമിടയില്‍ സജീവമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കലാപത്തില്‍ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നു സ്റ്റാന്‍ സ്വാമി.

Exit mobile version