സംസ്ഥാനത്ത് വ്യാജ ഹെല്‍മെറ്റുകള്‍ വില്‍ക്കുന്നവരെ ‘പൊക്കാന്‍’ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്!

രാജ്യത്ത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ എല്ലാ സ്ഥലത്തും ഹെല്‍മറ്റ് വില്‍പ്പന പൊടിപൊടിക്കുകയാണ്.

തിരുവനന്തപുരം: രാജ്യത്ത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ എല്ലാ സ്ഥലത്തും ഹെല്‍മറ്റ് വില്‍പ്പന പൊടിപൊടിക്കുകയാണ്.

എന്നാല്‍ സംസ്ഥാനത്ത് ഇതിന്റെ മറവില്‍ വ്യാജ ഹെല്‍മെറ്റുകളും വില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ ഉപയോഗിക്കുന്നതു കൊണ്ട് തല സുരക്ഷിതമല്ലെന്നു മാത്രമല്ല ഇവമൂലം അപകടത്തില്‍ സാരമായി പരിക്കേല്‍ക്കാനുമിടയുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം വ്യാജന്മാരെ കുടുക്കാന്‍ സംയുക്ത പരിശോധനക്ക് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ്.

ഇതിനായി പോലീസ്, ലീഗല്‍ മെട്രോളജി, ജിഎസ്ടി വകുപ്പുകളുടെ സഹായം കൂടി തേടാനാണ് വകുപ്പിന്റെ നീക്കം. ഇവരുടെ സഹകരണത്തോടെ വഴിയരികിലെ ഹെല്‍മെറ്റ് വില്‍പ്പനകേന്ദ്രങ്ങളില്‍ പരിശോധന നടത്താനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ വില്‍ക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മറ്റു വകുപ്പുകള്‍ക്ക് വിവരം കൈമാറണമെന്നും സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് വിവരം ശേഖരിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഇതിനായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാരെയും ആര്‍ടിഒമാരെയും ചുമതലപ്പെടുത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version