മാര്‍ക്ക്ദാന വിവാദം: സര്‍ട്ടിഫിക്കറ്റുകള്‍ 45 ദിവസത്തിനകം തിരിച്ചേല്‍പ്പിക്കണമെന്ന് വിദ്യാര്‍ഥികളോട് എംജി സര്‍വകലാശാല

കോട്ടയം: മാര്‍ക്ക്ദാനം വിവാദമായതോടെ ബിടെക് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങുമെന്ന്് എംജി സര്‍വകലാശാല. ബിരുദ, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ 45 ദിവസത്തിനകം യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചേല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് 118 വിദ്യാര്‍ഥികള്‍ക്ക് നോട്ടിസ് അയച്ചതായി അധികൃതര്‍ അറിയിച്ചു.

റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വയ്ക്കുന്നത് നിയമ ലംഘനമാണെന്നും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കാത്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ മുന്നറിയിപ്പ് നല്‍കി.

ബിടെക് പരീക്ഷയില്‍ ഏതെങ്കിലും ഒരു വിഷയത്തിന് തോറ്റ വിദ്യാര്‍ഥികള്‍ക്ക് അഞ്ച് മാര്‍ക്ക് മോഡറേഷന്‍ നല്‍കി വിജയിപ്പിക്കാനായിരുന്നു സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഈ തീരുമാനത്തിലൂടെ 118 വിദ്യാര്‍ഥികള്‍ വിജയിച്ചു. ഈ നടപടി റദ്ദാക്കിയെന്നറിയിച്ചാണ് പരീക്ഷാ കണ്‍ട്രോളര്‍ വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് അയച്ചത്.

വിജയം റദ്ദാക്കിയതോടെ ഡിഗ്രി, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍, കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് എന്നിവയും യൂണിവേഴ്‌സിറ്റിയില്‍ തിരിച്ചേല്‍പ്പിക്കാനാണ് നിര്‍ദേശം. അതേസമയം, സര്‍വകലാശാല നടപടിക്കെതിരെ കോടതിയെ സമീപിക്കുമെണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

Exit mobile version