ഷെഹ്‌ല ഷെറിന്റേയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും; മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വയനാട് സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ചുനക്കര സ്‌കൂളിൽ വെച്ച് ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നൽകും.

വയനാട് ബത്തേരിയിൽ സ്‌കൂളിലെ ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ ഷെ്ഹല ഷെറിൻ മരിക്കുന്നത് അധ്യാപകരുടെ അനാസ്ഥകൊണ്ടും കൃത്യമായ ചികിത്സ ലഭിക്കാത്തതും കൊണ്ടായിരുന്നു. അതേസമയം, സ്‌കൂളിൽ വിദ്യാർത്ഥികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ പട്ടിക കഷ്ണം തലയിൽ കൊണ്ടാണ് നവനീത് എന്ന വിദ്യാർത്ഥി മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

നവനീതിന്റെ തലയ്ക്ക് പിന്നിൽ ചതവും പാടുകളും കണ്ടെത്തിയിരുന്നു. മാവേലിക്കര ചുനക്കര ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയായിരുന്നു നവനീത്. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലായിരുന്നു അപകടം.

Exit mobile version