ഭക്തരെ ബുദ്ധിമുട്ടിക്കാനാണ് നടപ്പന്തലില്‍ ഫയര്‍ ഫോഴ്‌സ് തുടര്‍ച്ചയായി വെള്ളമൊഴിച്ച് കഴുകുന്നത്..! വിശ്രമിക്കാന്‍ പോലും അവസരം നല്‍കുന്നില്ല; ആരോപണത്തില്‍ ഉറച്ച് എന്‍കെ പ്രേമചന്ദ്രന്‍ എംപി

പത്തനംതിട്ട: നടപ്പന്തലില്‍ ഫയര്‍ ഫോഴ്‌സ് തുടര്‍ച്ചയായി വെള്ളമൊഴിച്ച് കഴുകുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. നേരത്തെ ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്നും അതിനാല്‍ തന്നെ പിന്നോട്ടില്ലെന്നും എംപി വ്യക്തമാക്കി.

മണ്ഡലകാലത്ത് റിപ്പോര്‍ട്ടിങ്ങിനെത്തുന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്നും മനസിലാക്കിയ വിവരങ്ങാണ് താന്‍ പങ്കുവയ്ക്കുന്നത് മുന്‍ വര്‍ഷങ്ങളില്‍ സന്നിധാനത്തിന് താഴെയുള്ള നടപ്പന്തല്‍ തുടര്‍ച്ചയായി കഴുകുമായിരുന്നില്ല. മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് ശുചീകരണത്തിന്റെ ഭാഗമായി ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കഴുകിയാല്‍ പിന്നെ മണ്ഡലപൂജയുടെ ഭാഗമായി തങ്ക അങ്കിവരുന്നതിന് മുമ്പായും, മകരവിളക്കിന് തിരുവാഭരണം വരുന്നതിന് മുമ്പായും മാത്രമാണ് നടപ്പന്തല്‍ ഇത്തരത്തില്‍ കഴുകി വൃത്തിയാക്കുന്നത്. എംപി കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പോസ്റ്റിന്റെ പൂര്‍ണരൂപം;

ഏഷ്യാനെറ്റ് ന്യൂസ് ഹവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് ശബരിമലവിഷയത്തെ കുറിച്ച് ഞാന്‍ പറഞ്ഞ കാര്യം കേട്ട് ഞെട്ടിയ ദേവസ്വം മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിസ്മയത്തോടെയാണ് ഞാന്‍ വായിച്ചത്. നവംബര്‍ 19ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ പ്രശ്‌നത്തില്‍ നടത്തിയ പരാമര്‍ശം ഇപ്രകാരം ആണ് ‘ഭക്തര്‍ക്ക് വിശ്രമിക്കാനുള്ള വലിയ നടപന്തലില്‍ വിരിവയ്ക്കാതിരിക്കാനും വിശ്രമിക്കാതിരിക്കാനും വെള്ളം പമ്ബ് ചെയ്ത് ഭക്തരെ ബുദ്ധിമുട്ടിക്കാന്‍ ആരാണ് അധികാരം നല്‍കിയത്’ താക്കീത് രൂപത്തിലുള്ള ഹൈക്കോടതിയുടെ നിരീക്ഷണം കേട്ട് ഞെട്ടാതിരുന്ന മന്ത്രി ഞാന്‍ അത് ആവര്‍ത്തിച്ചപ്പോള്‍ ഞെട്ടിയതെന്തുകൊണ്ടെന്ന് മനസിലാകുന്നില്ല.

ഗവണ്‍മെന്റിനെതിരായ കോടതി പരാമര്‍ശത്തെ വകുപ്പ് മന്ത്രി അറിയുന്നില്ലെങ്കിലും ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചകള്‍ മുടങ്ങാതെ ശ്രദ്ധിച്ച് ഉടന്‍ പ്രതികരിക്കുന്നത് സ്വാഗതാര്‍ഹമാണ്. സമാനസ്വഭാവത്തിലുള്ള മറ്റൊരു പ്രതികരണമാണ് ഹൈന്ദവ സമൂഹത്തിലെ പുലയെക്കുറിച്ച് പറഞ്ഞു പുലിവാല്‍ പിടിച്ചത്.

അനുബന്ധ ഫോട്ടോയെക്കുറിച്ച്
കഴിഞ്ഞ 20 വര്‍ഷക്കാലമായി തുടര്‍ച്ചയായി സന്നിധാനം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരില്‍നിന്നും ലഭിച്ച വിവരം ശരിയെങ്കില്‍ അത് ഇപ്രകാരം ആണ്.

സന്നിധാനത്തിന് താഴെയുള്ള നടപ്പന്തല്‍ തുടര്‍ച്ചയായി കഴുകാറില്ല. മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്‍പ് ശുചീകരണത്തിന്റെ ഭാഗമായി ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ച് വെള്ളം പമ്ബ് ചെയ്ത് കഴുകിയാല്‍ പിന്നീട് മണ്ഡലപൂജയുടെ ഭാഗമായി തങ്കഅങ്കിവരുന്നതിന് മുന്‍പായും, മകരവിളക്കിന് തിരുവാഭരണം വരുന്നതിന് മുന്‍പായും മാത്രമാണ് നടപ്പന്തല്‍ ഇത്തരത്തില്‍ കഴുകി വൃത്തിയാക്കുന്നത്.

ഇത് കൂടാതെ അസാധാരണ മാലിന്യനിക്ഷേപം ഉണ്ടാകുമ്‌ബോള്‍ അത്യപൂര്‍വ്വ അവസരങ്ങളില്‍ ഒരുപക്ഷെ കഴുകിയേക്കാം. ശുചീകരണ പ്രവര്‍ത്തനം കഴിഞ്ഞു മണ്ഡലപൂജക്ക് നടതുറന്ന ദിവസങ്ങളില്‍ തുടര്‍ച്ചയായി ഫയര്‍ എഞ്ചിന്‍ ഉപയോഗിച്ച് കഴുകിയത് ഭക്തരെ ബുദ്ധിമുട്ടിക്കാനാണെന്ന് വ്യക്തം. മുന്‍വര്‍ഷത്തെ ഫോട്ടോകൂടി അനുബന്ധമായി ചേര്‍ത്ത് വിശ്വസനീയത ഉറപ്പ് വരുത്താന്‍ മന്ത്രിനടത്തിയ പരിശ്രമം യുക്തിസഹമേ അല്ല.

ഇത്തരം ആക്ഷേപം ഉന്നയിക്കുന്നത് വര്‍ഗീയത ബാധിച്ചവര്‍ക്ക് മാത്രമേ കഴിയൂ എന്ന മന്ത്രിയുടെ പരാമര്‍ശം, ഇതാദ്യമായി ഉന്നയിച്ച ഹൈക്കോടതിക്കും ബാധകമാണെങ്കില്‍ മന്ത്രിക്കെതിരെ കോടതിയലക്ഷ്യക്കേസ് ഉറപ്പ്. മന്ത്രിമാര്‍ക്ക് ഉപദേശം എഴുതിനല്‍കുന്നവര്‍ ഇക്കാര്യംകൂടി ശ്രദ്ധിച്ചാല്‍ നന്ന്. ഗവര്‍മെന്റിനേയും മന്ത്രിയേയും വിമര്‍ശിക്കുന്നവരെ മുഴുവന്‍ വര്‍ഗ്ഗീയതയുടെ ചാപ്പകുത്തി പ്രധിരോധിക്കാനുള്ള തന്ത്രം ഇനി അധികകാലം വിലപ്പോവില്ല.

Exit mobile version