പരിഭാഷപ്പെടുത്തി ചിരിപ്പിച്ചില്ല; കിറുകൃത്യമായി ആശയമെത്തിച്ചു; രാഹുൽഗാന്ധിക്ക് പരിഭാഷകയായ സഫ ഫെബിനെന്ന മിടുക്കി ആര്?

മലപ്പുറം: പരിചയ സമ്പത്തുള്ള പരിഭാഷകർ പോലും രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രമുഖരുടെ പ്രസംഗം പരിഭാഷപ്പെടുത്തി ഏറെ ചിരിക്കാനുള്ള വക നൽകിയിട്ടുണ്ട് സോഷ്യൽമീഡിയയ്ക്ക്. എന്നാൽ ഇത്തവണ ഒന്ന് പതറിയാൽ പോലും ട്രോളായി മാറാൻ സാധ്യതയുള്ള ഒരു സാഹചര്യത്തിൽ നിന്നും ധൈര്യപൂർവ്വം മുന്നോട്ട് വന്ന് രാഹുൽ ഗാന്ധി എംപിയുടെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്ലസ് വൺ വിദ്യാർത്ഥിനി സഫ ഫെബിൻ താരമാവുകയായിരുന്നു.

രാഹുൽ ഗാന്ധിയെപ്പോലെ പ്രമുഖനായ ഒരു നേതാവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിന്റെ വിറയൽ ഒന്നുമില്ലാതെയാണ് സഫ എന്ന വിദ്യാർത്ഥിനി പരിഭാഷ കിടിലനാക്കിയത്. ഔപചാരികമായ മലയാള ഭാഷയെ ഉപേക്ഷിച്ച് സ്വന്തം നാട്ടുകാർക്ക് മുന്നിൽ നാട്ടുഭാഷയിലാണ് രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം സഫ മൊഴിമാറ്റിയത്. ഒരിടത്തുപോലും പതർച്ചയോ തടസ്സമോ ഇല്ലാതെ, അർത്ഥം ഒട്ടും ചോരാതെയായിരുന്നു മൊഴിമാറ്റം. കാലഘട്ടത്തിൽ ശാസ്ത്രത്തിന്റെ പ്രസക്തി രാഹുൽ ഗാന്ധി ചെറിയ വാക്കുകളിലൊതുക്കിയപ്പോൾ ആറ്റിക്കുറുക്കിയ നാട്ടുമൊഴിയിൽ സഫയും മൊഴിമാറ്റി. മിനിറ്റുകൾക്കുള്ളിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗവും സഫയുടെ മൊഴിമാറ്റവും സോഷ്യൽമീഡിയയിൽ വൈറലായി.

രാഹുൽ ഗാന്ധിയുടെ മികച്ച ഇംഗ്ലീഷ് പ്രസംഗത്തെ അർത്ഥം ചോരാതെ മലയാളത്തിലാക്കിയ സഫ ഫെബിൻ പഠിച്ചത് പൊതുവിദ്യാലയങ്ങളിൽ തന്നെയാണ്. മലയോര ഗ്രാമമായ കരുവാരകുണ്ടിലെ കുട്ടത്തിയിലാണ് സഫയുടെ വീട്. പിതാവ് കുഞ്ഞിമുഹമ്മദ് മദ്രസ അധ്യാപകനാണ്. മാതാവ് സാറ വീട്ടമ്മയും. പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി സയൻസ് തെരഞ്ഞെടുത്തു. പ്ലസ് വണ്ണിലും മുഴുവൻ എ പ്ലസ് നേടി പഠനത്തിലും മിടുക്കിയാണ് സഫ. പുറമെ, സ്‌കൂളിലെ സർഗാത്മക പ്രവർത്തനത്തിലും മുന്നിൽ നിൽക്കുന്നു. സ്‌കൂളിൽ ആരംഭിച്ച റേഡിയോക്ക് ചുക്കാൻ പിടിച്ചതും സഫയാണ്.

അഞ്ച് മിനിറ്റോളം നീണ്ട പ്രസംഗം സഫ തെറ്റുകളില്ലാത്ത പരിഭാഷപ്പെടുത്തിയതോടെ രാഹുൽ തന്നെ സഫയെ ചോക്ലേറ്റ് നൽകി അനുമോദിച്ചു. നിറകണ്ണുകളോടെയാണ് സഫ രാഹുൽ ഗാന്ധിയിൽ നിന്ന് ചെറിയ സമ്മാനം ഏറ്റുവാങ്ങിയത്. സാധാരണ കൂടെയുള്ള രാഷ്ട്രീയ നേതാക്കളെ അല്ലെങ്കിൽ ഭാഷാ വിദഗ്ധരോ ആണ് രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറുള്ളത്. പതിവിന് വിപരീതമായി. കരുവരാക്കുണ്ട് ഗവ.എച്ച്എസ്എസിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾ രാഹുൽ ഗാന്ധി തന്റെ പ്രസംഗം മലയാളത്തിലേക്ക് തർജമ ചെയ്യാൻ സഹായിക്കാമോ എന്ന് വിദ്യാർത്ഥികളോട് ചോദിക്കുകയും ഈ ദൗത്യം ഏറ്റെടുത്ത് സഫ വേദിയിലെത്തുകയുമായിരുന്നു.

Exit mobile version