തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് കര്‍ണാടക ആര്‍ടിസി; ശബരിമലയിലേക്ക് ഇനി കര്‍ണാടക ആര്‍ടിസിയുടെ ബസുകള്‍ സര്‍വീസ് നടത്തും

കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബംഗളൂരു-പമ്പ ബസ് സര്‍വീസ് ശബരിമലയിലേക്ക് ഡിസംബര്‍ ഒന്നിന് സര്‍വീസ് തുടങ്ങും.

ബംഗളൂരു: ശബരിമലയിലേക്ക് ഇനി കര്‍ണാടക ആര്‍ടിസിയുടെ ബസുകള്‍ എത്തും. കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബംഗളൂരു-പമ്പ ബസ് സര്‍വീസ് ശബരിമലയിലേക്ക് ഡിസംബര്‍ ഒന്നിന് സര്‍വീസ് തുടങ്ങും. രാജഹംസ, ഐരാവത് വോള്‍വോ ബസുകളാണ് സര്‍വീസ് നടത്തുക. ബംഗളൂരുവിലെ ശാന്തിനഗര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുന്ന രാജഹംസ ബസ് 1.30-ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡിലും 4.30-ന് മൈസൂരുവിലും പിറ്റേന്ന് രാവിലെ 8.15-ന് പമ്പയിലും എത്തും.

തിരിച്ച് വൈകീട്ട് അഞ്ചിന് പമ്പയില്‍നിന്ന് പുറപ്പെടുന്ന ബസ് അടുത്തദിവസം ഉച്ചയ്ക്ക് ബെംഗളൂരുവില്‍ എത്തും. ശാന്തിനഗര്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് ഉച്ചകഴിഞ്ഞ് 2.01-ന് പുറപ്പെടുന്ന ഐരാവത് വോള്‍വോ സര്‍വീസ് 2.31-ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ്സ്റ്റാന്‍ഡിലും 5.30-ന് മൈസൂരുവിലും പിറ്റേന്ന് രാവിലെ 6.45-ന് പമ്പയിലും എത്തും. തിരികെ വൈകീട്ട് 6.01-ന് പമ്പയില്‍നിന്ന് പുറപ്പെടുന്ന ബസ് അടുത്തദിവസം രാവിലെ 9.45-ന് ബെംഗളൂരുവില്‍ എത്തും. കര്‍ണാടകത്തിലെയും കേരളത്തിലെയും റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. www.skrtc.in. എന്ന വെബ്‌സൈറ്റില്‍ ബസുകളുടെ യാത്രാ സമയവും മറ്റ് വിവരങ്ങളും ലഭിക്കും.

Exit mobile version