പതിനഞ്ച് ലക്ഷം ചെലവാകുമെന്ന് കരാറുകാർ; രണ്ടര ലക്ഷത്തിന് തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി നാട്ടുകാർ; ഫലകം നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ

എടവണ്ണ: തൂക്കുപാലത്തിന് അറ്റകുറ്റപ്പണിക്കായി അധികൃതർ നിശ്ചയിച്ച തുക 15 ലക്ഷമായിരുന്നെങ്കിലും രണ്ടര ലക്ഷത്തിന് തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി നാട്ടുകാർ അമ്പരപ്പിച്ചു. ഊർങ്ങാട്ടിരി, എടവണ്ണ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പന്നിപ്പാറ-പൊട്ടിക്കടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിയാണ് രണ്ടരലക്ഷത്തിന് നാട്ടുകാർ മുൻകൈയെടുത്ത് നടത്തിയത്. പാലം പണിക്ക് പിന്നാലെ നാട്ടുകാർ സ്ഥാപിച്ച ഫലകം കഴിഞ്ഞദിവസം സമൂഹവിരുദ്ധർ നശിപ്പിച്ചത് സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ പ്രളയത്തിൽ ചാലിയാറിനു കുറുകെയുള്ള ഈ തൂക്കുപാലത്തിന്റെ സ്ലാബുകൾ തകർന്ന് യാത്ര തടസപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇതോടെ വലിയ യാത്രാക്ലേശത്തിലായി. പാലം പരിശോധിച്ച അരീക്കോട് ബ്ലോക്ക്പഞ്ചായത്തിന്റെ എഞ്ചിനീയറിങ് വിഭാഗമാണ് പികെ ബഷീർ എംഎൽഎയെ തൂക്കുപാലത്തിന്റെ പുനർനിർമ്മാണത്തിന് 15 ലക്ഷം വരുമെന്ന് അറിയിച്ചത്.

എന്നാൽ പാലം തകർന്ന് മറ്റിടങ്ങളിൽ നിന്നും ഒറ്റപ്പെട്ടുപോയ നാട്ടുകാർക്ക് അധികാരികളുടെ നടപടികൾ തീരും വരെ കാത്തിരിക്കാൻ ആകുമായിരുന്നില്ല. കെ സക്കീർഹുസൈൻ ചെയർമാനും യൂസുഫ് മുണ്ടോടൻ കൺവീനറുമായി രണ്ടുമാസം മുമ്പ് പാലത്തിന്റെ പുനർനിർമ്മാണത്തിന് ഒരു കമ്മിറ്റി നാട്ടുകാർ മുൻകൈയ്യെടുത്ത് രൂപീകരിച്ചു. മലപ്പുറം സ്വദേശിയായ കരാറുകാരൻ ഹുസൈൻ ഹാജിയെ സമീപിച്ചപ്പോൾ, അദ്ദേഹം 2,48,873 രൂപയുടെ അടങ്കൽ തയ്യാറാക്കി. വൈകാതെ തന്നെ ജനകീയ കൂട്ടായ്മയിൽ അറ്റകുറ്റപ്പണിയും പൂർത്തീകരിച്ചു.

കൂട്ടായ്മയുടെ വിജയത്തിന് പിന്നാലെ പാലം നിർമ്മാണത്തിന് ചെലവായ തുക രേഖപ്പെടുത്തി നാട്ടുകാർതന്നെ ഒരു ഫലകവും സ്ഥാപിച്ചു. അതാണ് കഴിഞ്ഞദിവസം സമൂഹവിരുദ്ധർ തകർത്തത്. ഹുസൈൻ ഹാജിയുടെയും നിർമ്മാണസമിതി അംഗങ്ങളുടെയും പേരുകളും ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതിൽ ആദ്യം കറുത്ത ചായം പൂശിയിരുന്നു. പിറ്റേന്നാണ് തകർത്തനിലയിൽ കണ്ടെത്തിയത്. ജനകീയ കൂട്ടായ്മയിൽ അസൂയപൂണ്ട ആരുടേയോ പണിയാണിതെന്ന് നാട്ടുകാർ പറയുന്നു.

Exit mobile version