മന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; വീട്ടില്‍ വച്ച് വൈന്‍ ഉണ്ടാക്കിയതിന് തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍; ജാമ്യമില്ലാ കേസ്

തിരുവനന്തപുരം; വീട്ടില്‍ വൈന്‍ ഉത്പാദിപ്പിച്ചാല്‍ എക്സൈസ് നടപടി സ്വീകരിക്കില്ലെന്ന എക്‌സൈസ് മന്ത്രിയുടെ വാക്ക് പാഴ് വാക്കായി. വീട്ടില്‍ വച്ച് വൈന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് തിരുവനന്തപുരത്ത് വേളിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വൈനും വൈനുണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും ഉള്‍പ്പെടെ 40 ലിറ്റര്‍ സാധനങ്ങള്‍ യുവാവില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യുവാവിനെ റിമാന്‍ഡ് ചെയ്തു.

വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണ്. ഹോം മെയ്ഡ് വൈന്‍ വില്പനക്കുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്യാന്‍ പാടില്ല.

കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കരുതെന്നും എക്‌സൈസ് അറിയിപ്പ് നല്‍കിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നിഷേധിച്ചിരുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കായി വീടുകളില്‍ വൈന്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.

പഴങ്ങളില്‍ നിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാം എന്ന കാര്‍ഷിക സര്‍വ്വകലാശാല റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ തുടര്‍നടപടികളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

വ്യവസായിക അടിസ്ഥാനത്തില്‍ വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനൊന്നും ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. നിയമവിധേയമായ കാര്യങ്ങള്‍ മാത്രമെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

Exit mobile version