സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിന്നു പോയത് തെറ്റിദ്ധാരണ മൂലം; ഷെയ്ന്‍ നിഗം മടങ്ങി വരണം; ഫെഫ്ക ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്റെ കത്ത്

കൊച്ചി: ഷെയ്ന്‍ നിഗം മടങ്ങിവന്ന് വെയില്‍ സിനിമ പൂര്‍ത്തിയാക്കണമെന്നും, ഇതിനായി ഫെഫ്ക ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് ഫെഫ്കയ്ക്കു കത്തു നല്‍കി. ഷെയ്ന്‍ സഹകരിച്ചാല്‍ 15 ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ശരത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് വെയില്‍. വെയിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിര്‍മാതാക്കളുടെ സംഘടന ഇടപെട്ടതോടെ ഷെയ്ന്‍ വിലക്ക് നേരിടുകയാണ്. വിലക്ക് സംബന്ധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും തമ്മിലുള്ള ആദ്യവട്ട ചര്‍ച്ച അഞ്ചിനു നടക്കാനിരിക്കെയാണ് സംവിധായകന്‍ കത്ത് നല്‍കിയിരിക്കുന്നത്.

അതെസമയം സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിന്നു പോയത് തെറ്റിദ്ധാരണ മൂലമാണെന്നും ശരത് വ്യക്തമാക്കി. അഞ്ച് വര്‍ഷമായി ഈ പ്രൊജക്ടിന് പിറകെയാണ്. സിനിമയുടെ 75 ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞു. ഞാനും ഷെയ്‌നും വെയിലിന് വേണ്ടി ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും രമ്യമായി ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് എന്റെ ആഗ്രഹം- ശരത് പറഞ്ഞു.

Exit mobile version