നാല് മക്കളെ ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിച്ച സംഭവം: അമ്മയ്ക്ക് ജോലിയും ഫ്‌ളാറ്റും നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ നാല് മക്കളെ അമ്മ ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിച്ച മന:സാക്ഷിയെ ഞെട്ടിച്ച സംഭവം ഏറെ വൈറലായിരുന്നു. കുട്ടികളെ കണ്ടെത്തിയത് സര്‍ക്കാറിന്റെ തണല്‍ പദ്ധതിയിലൂടെയാണ്. സാമൂഹ്യനീതി വകുപ്പ് കുട്ടികളെ സംരക്ഷിക്കുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

സംഭവത്തില്‍ അമ്മയ്ക്ക് താല്‍കാലിക ജോലി നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. കുടുംബത്തിന് താമസിക്കാന്‍ നഗരസഭയുടെ
പണിപൂര്‍ത്തിയായ ഒരു ഫ്‌ലാറ്റ് അടിയന്തരമായി ഇവര്‍ക്ക് നല്‍കുമെന്നും മേയര്‍ വ്യക്തമാക്കി. ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടു നല്‍കിയ കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

മദ്യപാനിയായ ഭര്‍ത്താവ് വീട്ടുചിലവുകള്‍ക്കുള്ള പണം നല്‍കാതെ കുട്ടികള്‍ പട്ടിണിയിലായതോടെയാണ് 6 മക്കളുടെ അമ്മയായ യുവതി ശിശുക്ഷേമസമിതിയെ സമീപിച്ചത്. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തു.

Exit mobile version