അഴീക്കലിലെ കോസ്റ്റ് ഗാർഡ് അക്കാദമി ഉപേക്ഷിച്ചെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം; അനുമതിയില്ലെന്ന് വിശദീകരണം

ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിൽ ഒന്നായി വാഴ്ത്തപ്പെട്ടിരുന്ന കണ്ണൂർ അഴീക്കലിലെ കോസ്റ്റ് ഗാർഡ് അക്കാദമി ഉപേക്ഷിച്ചു. അഴീക്കലിൽ തുടങ്ങാനിരുന്ന കോസ്റ്റ് ഗാർഡ് അക്കാദമി വേണ്ടെന്ന് വെച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്.

കോസ്റ്റൽ റെഗുലേഷൻ സോൺ (സിആർഇസഡ്) നോട്ടിഫിക്കേഷൻ അനുസരിച്ച് ഈ പ്രദേശം സിആർഇസഡ് (1)എയുടെ കീഴിലായതിനാൽ പാരിസ്ഥിതിക അനുമതി നൽകാനാവില്ലെന്ന കേന്ദ്രപരിസ്ഥിതി മന്ത്രാലയം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം എന്നാണ് വിശദീകരണം. തീരദേശ പരിപാലച്ചട്ടം അനുസരിച്ച് കോസ്റ്റ് ഗാർഡ് നിർമ്മാണ പ്രവർത്തനത്തിന് അനുമതിയില്ലെന്നും രാജ്യസഭയിലാണ് വിശദീകരണമുണ്ടായത്. എളമരം കരീം എംപിയുടെ ചോദ്യത്തിന് പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് രാജ്യസഭയെ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.

അക്കാദമി അഴീക്കലിൽ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തന്ത്ര പ്രധാനമായ ഈ സ്ഥലത്തു തന്നെ എത്രയും വേഗം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെയും കഴിഞ്ഞ വർഷം അറിയിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നുഴഞ്ഞുകയറ്റക്കാരന് എന്നു വിളിച്ച കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വെച്ചതോടെ ലോക്‌സഭയിൽ ഭരണപക്ഷ-പ്രതിപക്ഷ ഏറ്റുമുട്ടലും ഉണ്ടായി.

Exit mobile version