എല്ലാ വാഹനങ്ങളും സന്നിധാനത്തേക്ക് കടത്തിവിടണമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍; ഉത്തരവിട്ടാല്‍ ചെയ്യാമെന്ന് എസ്പി യതീഷ് ചന്ദ്ര; അധികാരമില്ലെന്ന് മന്ത്രി; ഒടുവില്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര

സര്‍ക്കാര്‍ വാഹനങ്ങളില്‍ മാത്രമേ ഭക്തര്‍ പോകാവൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു.

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കം. മന്ത്രി നിലയ്ക്കലിലെത്തിയപ്പോഴായിരുന്നു സംഭവം. മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തിവിടൂവെന്നും എന്നും കൂടെയുളള ബിജെപി നേതാക്കള്‍ക്കും ഭക്തര്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ പോകാം എന്നുമായിരുന്നു പോലീസിന്റെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് മന്ത്രിയും മറ്റുള്ളവരോടൊപ്പം കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് പോയി.

അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് മന്ത്രി ആരോപിച്ചു. സര്‍ക്കാര്‍ വാഹനങ്ങളില്‍ മാത്രമേ ഭക്തര്‍ പോകാവൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനും പൊന്‍ രാധാകൃഷ്ണനൊപ്പം ഉണ്ട്. ഇദ്ദേഹവും പോലീസിനോട് കയര്‍ത്തത് സംഘാര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുമെന്ന പ്രതീതിയുണ്ടാക്കി.

അതേസമയം, എല്ലാ വാഹനങ്ങളും കടത്തിവിടാനാവില്ലെന്ന് പോലീസ് അറിയിച്ചതോടെ ബിജെപി നേതാക്കള്‍ രോഷാകുലരാവുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ് കടത്തിവിടുന്ന സ്ഥലത്ത് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടല്ലോ എന്നായിരുന്നു മന്ത്രി എസ്പി യതീഷ് ചന്ദ്രയോട് ചോദിച്ചത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ പമ്പയിലേക്ക് പോയി വരികയാണെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലെന്നും പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്കിന്റ ഉത്തരവാദിത്തം മന്ത്രി ഏറ്റടുക്കുമോ എന്നും ഉത്തരവിട്ടാല്‍ ചെയ്യാമെന്നും എസ്പി മന്ത്രിയെ അറിയിച്ചു. എന്നാല്‍ അതിന് തനിക്ക് അധികാരമില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. പിന്നീട് വിഷയത്തില്‍ പ്രതിക്ഷേധിച്ച് കേന്ദ്രമന്ത്രി യാത്ര ബസിലാക്കുകയായിരുന്നു.

അതേസമയം, യുവതീ പ്രവേശം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ അതിലേക്ക് കടക്കാനാകില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.

Exit mobile version