ആൾക്കൂട്ടമല്ല കെപിസിസിയെ നയിക്കേണ്ടത്; ഭാരവാഹികളുടെ ജംബോ ലിസ്റ്റിനെ വിമർശിച്ച് മുല്ലപ്പള്ളി

mullappally_

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയിലെ അതൃപ്തി അറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസിക്ക് ശക്തമായ നേതൃത്വമാണ് വരേണ്ടത്. ആൾക്കൂട്ടമല്ല കെപിസിസിയെ നയിക്കേണ്ടത്. ജനപ്രതിനിധികൾ ഭാരവാഹികളാകേണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി പത്രസമ്മേളനത്തിൽ പറഞ്ഞു. കെപിസിസി ഭാരവാഹികളായി ഇരു ഗ്രൂപ്പുകളും വലിയ പട്ടികതന്നെ കൈമാറിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

ജനപ്രതിനിധികൾ ഭാരവാഹികൾ ആകേണ്ട എന്നാണ് അഭിപ്രായം. എംപിമാരും എംഎൽഎമാരും മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻതന്നെ സമയം തികയാതിരിക്കെ പാർട്ടി ഏൽപിക്കുന്ന ചുമതലകൾ എങ്ങനെ നിർവഹിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഏറ്റവും ശക്തമായ, കാര്യക്ഷമമായി പാർട്ടിയെ മുന്നോട്ടുനയിക്കാൻ സാധിക്കുന്ന നേതൃത്വമാണ് കെപിസിസിക്ക് ആവശ്യം. എന്തായിരിക്കണം കമ്മിറ്റിയുടെ ഘടന എന്നതിനെക്കുറിച്ചും താൻ വ്യക്തമാക്കിയിട്ടുണ്ടെന്നും തനിക്കു ലഭിച്ച ലിസ്റ്റിൽ ഓരോ ഭാരവാഹിയെയും സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി നേതൃത്വത്തിന് നൽകിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

പല നേതാക്കൾക്കും പല താൽപര്യങ്ങളുണ്ടാകും. എന്നാൽ ശക്തമായ നേതൃത്വം വരാനുള്ള താൽപര്യമാണ് താൻ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ സോണിയ ഗാന്ധിയുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. വൈകാതെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Exit mobile version