രാജ്യത്തെ ഏറ്റവും വലിയ ഗജോത്സവത്തിന് തേക്കിന്‍കാട് വേദിയാകും; മുന്നൂറോളം ആനകളെ അണിനിരത്തും; കടകംപള്ളി സുരേന്ദ്രന്‍

തൃശൂര്‍: രാജ്യത്തെ ഏറ്റവും വലിയ ഗജോത്സവത്തിന് തേക്കിന്‍കാട് വേദിയാകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം ഡിസംബറില്‍ നടക്കുന്ന മേളയില്‍
മുന്നൂറോളം ആനകളെ അണിനിരത്തുമെന്നും മന്ത്രി പറഞ്ഞു. ആന ഉടമസ്ഥ ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സ ആശുപത്രിയും എലിഫന്റ് പാര്‍ക്കും തൃശൂരിലെ ചിറ്റണ്ടയില്‍ സ്ഥാപിക്കുമെന്നും ജനുവരിയില്‍ തറക്കല്ലിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചട്ടങ്ങളും നിയമങ്ങളും ആനകളുടെ പരിപാലനത്തിനു വേണ്ടിയാണ്. ചട്ടത്തിനുള്ളില്‍ നിന്നുകൊണ്ട് ആനകളെ എഴുന്നള്ളിക്കാനുള്ള സാഹചര്യമുണ്ടാകണം. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ആന എഴുന്നള്ളിപ്പുകള്‍ വിലക്കുന്നതു ശരിയല്ല. ഉത്സവത്തിന് ആനകള്‍ അനിവാര്യമാണ്. ഉത്സവ സംസ്‌കാരം നിലനില്‍ക്കണമെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂര്‍ പൂരത്തിനു തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിവാദം ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ കാരണമാണെന്നും മന്ത്രി വ്യക്തമാക്കി. അതെസമയം ഡിസംബറില്‍ നടക്കുന്ന ഗജോത്സവത്തിന് ആനകളെ സൗജന്യമായി വിട്ടു കൊടുക്കുമെന്ന് അധ്യക്ഷനായിരുന്ന ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

Exit mobile version