വയനാട് ചുരത്തില്‍ ഓടുന്ന വാഹനത്തിലിരുന്ന് യുവാക്കളുടെ അഭ്യാസ പ്രകടനം

സംസ്ഥാനത്ത് നിരവധി മോട്ടോര്‍ വാഹന നിയമലംഘനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ സംസ്ഥാനത്ത് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

കല്‍പ്പറ്റ: സംസ്ഥാനത്ത് നിരവധി മോട്ടോര്‍ വാഹന നിയമലംഘനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ സംസ്ഥാനത്ത് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ നിമയലംഘനം നടത്തിയ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വയനാട് ചുരത്തിലാണ് ഓടുന്ന വാഹനത്തിലിരുന്ന് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഓടികൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്. കാറിന് പിന്നില്‍ വന്ന യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ യുവാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വയനാട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മാവേലിക്കര രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാറാണ് ദൃശ്യങ്ങളിലുള്ളത്. സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ മാവേലിക്കര ആര്‍ടിഒയ്ക്ക് കൈമാറുമെന്നും നടപടി ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയുടേതാണ് വാഹനമെന്നാണ് സൂചന. കോഴിക്കോട് നിന്നും സുഹൃത്തുക്കളുമായി നടത്തിയ യാത്രയിലാണ് ഇവര്‍ സാഹസിക പ്രകടനം നടത്തിയത്.

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോള്‍ അപകടം ക്ഷണിച്ചു വരുത്തുകയാണ് യുവതലമുറ.

Exit mobile version