മദ്യപിച്ച് എത്തുന്ന പാപ്പാന്മാര്‍ക്കെതിരെ കര്‍ശന നടപടി; നാട്ടാന പരിപാലന ചട്ടം ജില്ലയില്‍ കര്‍ശനമാക്കും

ജില്ലയില്‍ നാട്ടാന പരിപാലന ചട്ടം കര്‍ശനമാക്കാന്‍ നടപടി. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതില്‍ ആനകളുടെ സംരക്ഷണം മുന്‍നിര്‍ത്തി മദ്യപിച്ച് എത്തുന്ന പാപ്പാന്മാരെ കണ്ടെത്തുന്നതിന് ബ്രീത് അനലൈസര്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം.

ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനയുടെ പുറത്ത് കോലങ്ങളുടെ ഉയരം അഞ്ചര അടിയായി പരിമിതപ്പെടുത്തും. സുരക്ഷ മുന്‍ നിര്‍ത്തി എല്‍ഇഡി ബള്‍ബുകള്‍ ആനയുടെ മേല്‍ വെച്ചുകെട്ടി എഴുന്നുള്ളിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തും. പ്രദേശത്ത് നടക്കുന്ന ആഘോഷങ്ങളില്‍ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതാത് പോലീസ് സ്റ്റേഷന്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യണം.

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സ്വീകരിക്കും. കളക്ടറുടെ ചേമ്ബറില്‍ നടന്ന നാട്ടാന പരിപാലന ചട്ടം മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ വനം വകുപ്പ്, വെറ്റിനറി, പോലീസ് വിഭാഗം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Exit mobile version