വിദ്യാഭ്യാസം എട്ടാംക്ലാസ്, കോടീശ്വരനായത് ക്വാറികൾ പുറംതള്ളുന്ന പാറപൊടിച്ച് വിറ്റ്; ഇപ്പോൾ ദുബായിയിൽ ഒളിവിൽ; ഇഞ്ചിഞ്ചായി മരിക്കുകയാണെന്ന് കണ്ണീരോടെ വ്യവസായി കെജി ക്ലിപി

കൽപറ്റ: വയനാട്ടിലെ അമ്പലവയലിൽ ക്വാറികൾ പുറംതള്ളുന്ന മട്ടിപാറ പൊടിച്ച് മണലുണ്ടാക്കി വിറ്റ് താഴെക്കിടയിൽ നിന്നും കോടികളുടെ ആസ്തിയുള്ള വ്യവസായ പ്രമുഖനായി വളർന്ന കെജി ക്ലിപി ബോബിയുടെ വീഡിയോ വൈറൽ. ഫേസ്ബുക്ക് ലൈവിലൂടെ തന്റെ ദുരിതം വിവരിച്ചിരിക്കുകയാണ് കെജി ക്ലിപി. ‘ക്ലിപി സാൻഡ്’ എന്നപേരിൽ വ്യവസായ സ്ഥാപനം പടുത്തുയർത്തിയ ക്ലിപി ഇപ്പോൽ ദുബായിയിൽ ഒളിവിൽ താമസിക്കുകയാണ് എന്നാണ് വിവരം. വയനാട് സുൽത്താൻ ബത്തേരി മണിച്ചിറ സ്വദേശിയാണ് അദ്ദേഹം.

ചിലരുടെ ദുഷ്ടലാക്കോടെയുള്ള പ്രവർത്തനഫലമായി കേരളത്തിലും കർണാടകയിലുമായി തുടങ്ങിയ വ്യവസായ സ്ഥാപനങ്ങൾ തകർന്നെന്നും അതിനാൽ ദുബായിയിൽ ഒളിവിലാണെന്നും ഇഞ്ചിഞ്ചായി മരിക്കുകയാണെന്നും ക്ലിപ്പി ഫേസ്ബുക്ക് ലൈവിൽ പറയുന്നു.

സർക്കാറോ പോലീസോ സംരക്ഷണം നൽകാത്തതിനാൽ കർണാടകയിൽ നഞ്ചൻകോഡിന് സമീപം കോടികൾ മുടക്കിയ മണൽനിർമ്മാണ സ്ഥാപനം അടച്ചുപൂട്ടി. 40 ലക്ഷം രൂപ വില വരുന്ന ജനറേറ്റർ അടക്കം ഗുണ്ടകളുടെ സഹായത്തോടെ ചിലർ കഴിഞ്ഞ ദിവസം കടത്തിക്കൊണ്ടു പോയെന്നും ക്ലിപി ആരോപിക്കുന്നു. വയനാട്ടിലെ സ്ഥാപനങ്ങളിലേക്കായി അമേരിക്കയിൽ നിന്നടക്കം ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികളും ജെസിബി അടക്കമുള്ള ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ വാഹനങ്ങളും തുരുമ്പെടുത്തു നശിക്കുന്നു. ഭീഷണി നിലനിൽക്കുന്നതിനാൽ മണിച്ചിറയിലെ വീട്ടിൽ ഭാര്യയും കുട്ടികളും സ്വകാര്യ സുരക്ഷ ഭടന്മാരുടെ കാവലിലാണ് കഴിയുന്നതെന്നും ക്ലിപ്പിയുടെ വീഡിയോയിൽ പറയുന്നുണ്ട്.

എട്ടാം ക്ലാസ് വരെ പഠിച്ച ക്ലിപ്പി അമ്പലവയൽ ക്വാറിയിൽനിന്നും മറ്റും പുറംതള്ളുന്ന കടുപ്പം കുറഞ്ഞ പാറകൾ ശേഖരിച്ച് പൊടിച്ചാണ് മണൽ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഏതാനും വർഷങ്ങൾക്കകം വ്യവസായം വ്യാപിപ്പിച്ചു. അതിനിടെ വന്ന പരിസ്ഥിതി നിയന്ത്രണങ്ങൾ തിരിച്ചടിയായി. കേരളത്തിൽ മാത്രം കോടികളുടെ സ്ഥാപനങ്ങൾ പൂട്ടി, തൊഴിലാളികളും കഷ്ടത്തിലായി. സബ്‌സിഡിയടക്കം സർക്കാർ പിന്തുണ ഒന്നും ലഭിച്ചില്ല. കോടിക്കണക്കിന് രൂപ നികുതിയിനത്തിൽ നൽകിയിട്ടും ഒരു സർട്ടിഫിക്കറ്റ് കിട്ടാൻ രണ്ടര വർഷം വരെ ഓഫിസുകളിൽ കയറിയിറങ്ങേണ്ടി വന്നു. നിരവധി ആഡംബര വാഹനങ്ങൾ ഉണ്ടെങ്കിലും താൻ പ്രതിസന്ധിയിലായപ്പോൾ ആരും സഹായിക്കാൻ ഇല്ലാത്തതിനാലാണ് ദുബായിയിൽ കഴിയുന്നതെന്നാണ് ക്ലിപ്പിയുടെ വിശദീകരണം.

എന്നാൽ, ദുബായിയിൽ ഒളിവിൽ താമസിക്കേണ്ട സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ക്ലിപ്പിയെ പരിചയമുള്ളവർ പറയുന്നു. എന്നാൽ വീടിന് ‘ഗൺമാൻമാർ’ കാവൽ നിൽക്കുന്നുണ്ടെന്ന് പറയുന്നത് ശരിയാണെന്നും ഇവർ പറയുന്നുണ്ട്. അതേസമയം, എന്നാൽ, ഭീഷണിയുള്ള വിവരം ചൂണ്ടിക്കാട്ടി പരാതി ലഭിച്ചിട്ടില്ലെന്നും ബത്തേരി പോലീസ് പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version