ക്രിസ്മസ്-ന്യൂഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്ന് മുതല്‍; ഒന്നാം സമ്മാനം 12 കോടി; വില 300

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്ന് മുതല്‍ തുടങ്ങും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഗോര്‍ഖി ഭവനില്‍ മന്ത്രി തോമസ് ഐസക് ബമ്പര്‍ പ്രകാശനം ചെയ്യും. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ് ഏറ്റുവാങ്ങും.

300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനമായി പത്തുപേര്‍ക്ക് 50 ലക്ഷംരൂപ വീതം ലഭിക്കും. മൂന്നാംസമ്മാനമായി പത്തുപേര്‍ക്ക് പത്തുലക്ഷം രൂപ വീതവും കോടിക്കണക്കിന് രൂപയുടെ മറ്റ് സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്.

കഴിഞ്ഞ ഓണത്തിനാണ് ആദ്യമായി ബമ്പര്‍ ലോട്ടറി 12 കോടിരൂപ സമ്മാനം പ്രഖ്യാപിച്ചത്. 46 ലക്ഷം ടിക്കറ്റുകളാണ് ഓണക്കാലത്ത് വിറ്റത്. ലോട്ടറി ടിക്കറ്റില്‍ ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ജനുവരിമുതലേ അതുണ്ടാവൂ.

Exit mobile version