മതമല്ല മനുഷ്യത്വം തന്നെയാണ് ഇവിടെ വലുത്; ദിബേഷിന് ചികിത്സാ സഹായമൊരുക്കിയ മഹല്ല് കമ്മിറ്റിയുടെ നബിദിനഘോഷയാത്രയ്ക്ക് അയ്യപ്പ ക്ഷേത്രത്തില്‍ സ്വീകരണം! നന്മയുടെ പ്രതീകമായി മലപ്പുറം കല്ലാമൂല നിവാസികള്‍

നബിദിനഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കിയും സമ്മേളനമൊരുക്കിയും മരുതങ്ങാട് അയ്യപ്പക്ഷേത്രകമ്മിറ്റിയാണ് ഈ കൊച്ചുഗ്രാമത്തെ കേരളത്തിന്റെ മറ്റൊരു മാതൃകയാക്കി തീര്‍ത്തിരിക്കുന്നത്.

കാളികാവ്: മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് കേരളത്തിന് നന്മയുടെ പുതുപാഠം പകര്‍ന്ന് നല്‍കി മലപ്പുറത്തെ കല്ലാമൂല ഗ്രാമം. ഹിന്ദുമതവിശ്വാസിയായ കറുപ്പന്റെ മകന്‍ ദിബേഷിന് ചികിത്സാസഹായമൊരുക്കി കല്ലാമൂല മഹല്ല് കമ്മിറ്റി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതിന് പിന്നാലെ മറ്റൊരു സദ്പ്രവര്‍ത്തികൊണ്ട് വീണ്ടും കല്ലാമൂല വാര്‍ത്തകളില്‍ നിറയുകയാണ്. നബിദിനഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കിയും സമ്മേളനമൊരുക്കിയും മരുതങ്ങാട് അയ്യപ്പക്ഷേത്രകമ്മിറ്റിയാണ് ഈ കൊച്ചുഗ്രാമത്തെ കേരളത്തിന്റെ മറ്റൊരു മാതൃകയാക്കി തീര്‍ത്തിരിക്കുന്നത്.

മതമല്ല മനുഷ്യനും മനുഷ്യത്വവുമാണ് പ്രധാനമെന്ന് ഒരിക്കല്‍ക്കൂടി ഈ ഗ്രാമം തെളിയിക്കുകയാണ്. ദിബേഷിന്റെ ചികിത്സാസഹായം കണ്ടെത്താന്‍ മതപ്രഭാഷണവും പ്രാര്‍ത്ഥനാസദസ്സുമാണ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ചത്. ഇതിന് വലിയ പ്രതികരണങ്ങളാണ് ലഭിച്ചത്. ഒട്ടേറെപ്പേര്‍ ദിബേഷിനെ സഹായിക്കാന്‍ മുന്നോട്ടുവന്നു.

ഇതിന് പിന്നാലെയാണ് കാരുണ്യവാനായ പ്രവാചകന്‍ മുഹമ്മദ് നബി എല്ലാവരുടെയും പ്രവാചകനാണെന്നും അദ്ദേഹത്തിന്റെ പിറന്നാളാഘോഷം എല്ലാവരുടെയും ആഘോഷമാണെന്നും ഉദ്ഘാഷിക്കുന്നതായിരുന്നു അമ്പലക്കമ്മിറ്റിയുടെ പ്രവര്‍ത്തനം.

ശബരിമല തീര്‍ത്ഥാടനത്തിന് തയ്യാറെടുത്ത് നില്‍ക്കുന്ന ക്ഷേത്ര രക്ഷാധികാരി സേതു തന്നെ നബിദിനറാലിക്ക് സ്വീകരണം ഒരുക്കാന്‍ മുന്‍പന്തിയില്‍നിന്നു. ചൊവ്വാഴ്ച നടന്ന കല്ലാമൂലയിലെ നബിദിനറാലിയില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നടന്നുനീങ്ങിയ റാലിയിലുള്ളവര്‍ക്ക് മരുതങ്ങാട് അയ്യപ്പക്ഷേത്രക്കമ്മിറ്റി സ്വീകരണം ഒരുക്കി. വെറും മധുരം നല്‍കല്‍ മാത്രമല്ല, റാലിയെ ആശിര്‍വാദിക്കാനും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ മുന്നിട്ടിറങ്ങി. സ്വീകരണം ഒരുക്കിയ ക്ഷേത്രക്കമ്മിറ്റിക്ക് നന്ദിയറിയിച്ച് മദ്രസയിലെ പ്രഥമാധ്യാപകന്‍ പി ജമാലുദ്ദീന്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു. മനുഷ്യസ്‌നേഹത്തിനു മുമ്പില്‍ മതങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാനാവില്ലെന്ന് നാടിന് തെളിയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കല്ലാമൂല പ്രദേശവാസികള്‍.

ക്ഷേത്രക്കമ്മിറ്റി രക്ഷാധികാരി കേളുനായര്‍ പടിയിലെ സേതു, പ്രസിഡന്റ് രാമചന്ദ്രന്‍, ഭാരവാഹികളായ രാജീവന്‍ നായര്‍, കുഞ്ഞുട്ടന്‍ വള്ളിപ്പൂള, കല്‍പ്പകച്ചേരി കുട്ടന്‍, രാജപ്പന്‍ നായര്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വംനല്‍കി. മഹല്ല് ഭാരവാഹി, കെ കുഞ്ഞാണി, മജീദ് മുസ്ലിയാര്‍ എന്നിവര്‍ നബിദിനറാലിക്ക് നേതൃത്വംനല്‍കി.

Exit mobile version