നടിയുടെ സ്വകാര്യത മാനിക്കണം; ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നൽകാനാവില്ല; വേണമെങ്കിൽ ദിലീപിന് കാണാം: സുപ്രീംകോടതി

ന്യൂഡൽഹി: കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന് കൈമാറാനാകില്ലെന്ന് സുപ്രീം കോടതി. പകർപ്പ് കൈമാറണമെന്ന നടന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇരയുടെ സ്വകാര്യത മാനിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ, ദൃശ്യങ്ങൾ ദിലീപിന് പരിശോധിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ദൃശ്യങ്ങളുടെ പകർപ്പാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. നടിയുടെ സ്വകാര്യത പരിഗണിച്ച കോടതി ദൃശ്യങ്ങൾ രേഖകളാണെങ്കിലും കൈമാറേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിച്ചേരുകയായിരുന്നു.

കർശ്ശന ഉപാധികളോടെയാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാണാൻ മാത്രം കോടതി അനുമതി നൽകിയിരിക്കുന്നത്. മെമ്മറി കാർഡ് രേഖയാണെങ്കിൽ പ്രതിക്ക് നൽകേണ്ടതാണെന്നും തൊണ്ടിമുതലാണെങ്കിൽ നൽകാനാവില്ലെന്നും വാദമുയർന്നിരുന്നു. മെമ്മറി കാർഡ് നൽകുന്നത് ഇരയുടെ സ്വകാര്യത ഹനിക്കലാണെന്ന് നടിയും സംസ്ഥാനസർക്കാരും വാദിച്ചപ്പോൾ, അത് രേഖയാണെങ്കിൽ പകർപ്പുലഭിക്കേണ്ടത് തന്റെ അവകാശമാണെന്ന് ദിലീപും വ്യക്തമാക്കിയിരുന്നു.

രേഖയാണെങ്കിൽ അത് ലഭിക്കാൻ പ്രതിക്ക് അവകാശമില്ലേയെന്ന് കോടതി ആരാഞ്ഞപ്പോൾ, അഥവാ നൽകുകയാണെങ്കിൽത്തന്നെ സുരക്ഷാ മുൻകരുതലെടുത്തിരിക്കണമെന്നാണ് സംസ്ഥാനസർക്കാർ ബോധിപ്പിച്ചത്.

Exit mobile version