ആ അപൂർവ്വ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; അമ്മ പൂച്ചയെ കെട്ടിത്തൂക്കിയത് തന്നെ; പിടഞ്ഞ് തീർന്നത് ആറ് കുഞ്ഞ് ജീവനുകളും

ആ അപൂർവ്വ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; അമ്മ പൂച്ചയെ കെട്ടിത്തൂക്കിയത് തന്നെ; പിടഞ്ഞ് തീർന്നത് ആറ് കുഞ്ഞ് ജീവനുകളും; ശിക്ഷയെ ചൊല്ലി പോലീസിനും ആശങ്ക

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഗർഭിണിയായ തള്ളപ്പൂച്ചയെ കെട്ടിത്തൂക്കിയ സംഭവത്തിൽ കണ്ണ് നനയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തള്ളപ്പൂച്ചയെ കെട്ടിത്തൂക്കി ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് തെളിഞ്ഞു. അമ്മ പൂച്ചയുടെ മരണസമയത്ത് വയറിനകത്ത് പിറക്കാനായി കാത്തിരുന്ന ആറ് കുഞ്ഞുങ്ങളുണ്ടെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.

തിരുവനന്തപുരം വഞ്ചിയൂരിലാണ് മനസാക്ഷിയെ നോവിപ്പിച്ച ക്രൂരമായ പൂച്ച കൊലപാതകം നടന്നത്. സംസ്ഥാനത്ത് തന്നെ നടക്കുന്ന അത്യപൂർവമായ പൂച്ച പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് വഞ്ചിയൂർ പോലീസിന് ലഭിച്ചത്. രണ്ടാഴ്ച മുമ്പായിരുന്നു പൂച്ചയെ കൊലപ്പെടുത്തിയത്. ഗർഭിണിയായ പൂച്ചയെ കയറിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. സമൂഹമാധ്യമങ്ങളിൽ ആ ചിത്രം പ്രചരിച്ചതോടെ മൃഗസ്‌നേഹികളുടെ സംഘടന വിഷയത്തിൽ ഇടപെടുകയും വഞ്ചിയൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്ത പോലീസ് അത്യപൂർവമായ പോസ്റ്റുമോർട്ടം നടപടിക്ക് തീരുമാനം എടുക്കുകയായിരുന്നു. രണ്ട് കാര്യങ്ങളായിരുന്നു പോലീസ് തിരക്കിയത് പൂച്ചയുടെ മരണകാരണം കഴുത്തിൽ കുരുങ്ങിയോ? അതോ സാധാരണ പോലെ വിഷവും മറ്റും കഴിച്ച് ചത്ത പൂച്ചയെ പിന്നീട് ആരെങ്കിലും കെട്ടിത്തൂക്കിയിട്ടതാണോ?.

ഒടുവിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ക്രൂരമായ കെട്ടിത്തൂക്കിയുുള്ള കൊലപാതകം തെളിയിക്കുകയായിരുന്നു. ഏക സംശയം ആരെങ്കിലും വെച്ച കെണിയിൽ കുടുങ്ങി ഓടിയപ്പോൾ കെട്ടിത്തൂങ്ങിയതാണോയെന്നത് മാത്രമാണ്. പാലോട് മൃഗ ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരാണ് പോസ്റ്റുമോർട്ടം ചെയ്തത്. കഴുത്ത് ഞെരിക്കുമ്പോഴുള്ള ശ്വാസം മുട്ടൽ മൂലമാണ് മരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഇതുകൂടാതെ പ്രസവം അടുത്തിരുന്ന പൂച്ചയുടെ വയറ്റിൽ ആറ് കുഞ്ഞുങ്ങളുണ്ടായിരുന്നൂവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.

സംഭവം പൂച്ചക്കൊലപാതകമാണെന്ന് ഉറപ്പായെങ്കിലും പ്രതിയെ എങ്ങിനെ പിടിക്കുമെന്നോ എന്ത് വകുപ്പ് ചുമത്തി ശിക്ഷിക്കുമെന്നോ പോലീസിന് ഇനിയും വ്യക്തമായിട്ടില്ല.

Exit mobile version