‘ബിജെപി ഇങ്ങനെ പല സര്‍ക്കുലറുകളും ഇറക്കും’; നിരോധനാജ്ഞ മറികടന്ന് ആക്രമണത്തിന് ആഹ്വാനം ചെയ്ത സംഭവം സ്ഥിരീകരിച്ച് എഎന്‍ രാധാകൃഷ്ണന്‍

ശബരിമലയില്‍ സംഘം ചേര്‍ന്ന് നിരോധനാജ്ഞ മറികടക്കണമെന്ന സര്‍ക്കുലര്‍ തള്ളാതെ ബിജെപി.

കൊച്ചി: ശബരിമലയില്‍ സംഘം ചേര്‍ന്ന് നിരോധനാജ്ഞ മറികടക്കണമെന്ന സര്‍ക്കുലര്‍ തള്ളാതെ ബിജെപി. പാര്‍ട്ടി പല സര്‍ക്കുലറും ഇറക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കുലര്‍ രഹസ്യമായി വയ്ക്കണമെന്നു നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. നിരോധനാജ്ഞയും പോലീസ് നിയന്ത്രണവും മറികടന്നു ശബരിമലയില്‍ പരമാവധി പ്രവര്‍ത്തകരെ എത്തിക്കാന്‍ മണ്ഡലം കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കിക്കൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. പിന്നാലെ എജി ഈ സര്‍ക്കുലര്‍ ഹൈക്കോടതിയിലും ഹാജരാക്കിയിരുന്നു.

ശബരിമലയില്‍ പ്രതിഷേധത്തിനു പ്രവര്‍ത്തകരെ എത്തിക്കേണ്ടതിന്റെ ചുമതല ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കള്‍ക്കാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഒരു ദിവസം കുറഞ്ഞതു മൂന്നു നിയോജക മണ്ഡലങ്ങളില്‍നിന്നുള്ളവര്‍ ശബരിമലയിലുണ്ടാകും. വരുന്ന മൂന്നു ദിവസം കൊല്ലം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍നിന്നുള്ളവരാണു സന്നിധാനത്തെത്തുക. പോലീസ് നിയന്ത്രണങ്ങള്‍ മറികടന്ന് ഭക്തരുടെ താല്‍പര്യം സംരക്ഷിക്കാനും ഇടപെടാനും സംസ്ഥാന നേതാക്കള്‍ക്കും പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന കാര്യാലയത്തില്‍നിന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സര്‍ക്കുലറില്‍ പറയുന്നു.

ഇതിനെത്തുടര്‍ന്നു പുല്ലുമേട് വഴിയില്‍ തിരുവനന്തപുരം, കൊല്ലം രണ്ടു ജില്ലക്കാര്‍ക്കു ഇന്നു നിയന്ത്രണമേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം സന്നിധാനത്തു പ്രതിഷേധിച്ചവരില്‍ ഏറെയും പുല്ലുമേട് വഴി വന്നവരാണെന്നാണു പോലീസ് പറയുന്നത്.

Exit mobile version