വൃത്തിയോടെ രുചിയേറും വിഭവങ്ങൾ നുണയാൻ സർക്കാർവക തട്ടുകടകൾ വരുന്നു; ആദ്യം ആലപ്പുഴയിൽ

തിരുവനന്തപുരം: ഇനി വൃത്തിയോടെ ആശങ്കകൾ ഒന്നുമില്ലാതെ തട്ടുകട വിഭവങ്ങൾ നുണയാൻ സർക്കാർ വക തട്ടുകടകൾ വരുന്നു. വൃത്തിയുള്ള സാഹചര്യങ്ങളിൽ തെരുവോര ഭക്ഷണം വിളമ്പുകയാണു ഈ തട്ടുകടകളുടെ ലക്ഷ്യം. ആദ്യ ഭക്ഷണകേന്ദ്രം ആലപ്പുഴയിൽ തുടങ്ങും. നടപടി വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടർക്ക് ഉടൻ കത്തയയ്ക്കും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, കൃത്യമായ മാലിന്യസംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവർത്തിക്കുക. ഇതിനായി കുടുംബശ്രീ പ്രവർത്തകരെയും നിയോഗിക്കും.

ആലപ്പുഴയ്ക്ക് ശേഷം തിരുവനന്തപുരത്തെ ശംഖുമുഖം, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിലും തുടങ്ങും. വർക്കലയിൽ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടിയുണ്ടാകും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കുന്ന കടകൾക്കും ഹോട്ടലുകൾക്കും ‘വാങ്ങാൻ സുരക്ഷിതം, കഴിക്കാൻ സുരക്ഷിതം’ എന്ന സർട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകും. ഇത് മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ജനങ്ങൾക്ക് ഈ വിവരങ്ങൾ കിട്ടും.

ഭക്ഷണരംഗത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധവുമാക്കും. പൊതുവിതരണ സംവിധാനത്തിന് ഗുണമേന്മാ നിയന്ത്രണ സംവിധാനം സപ്ലൈകോ ഷോപ്പുകളിൽ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്യാൻ ഗുണമേന്മാ നിയന്ത്രണ ഉദ്യോഗസ്ഥരെ നിയമിക്കും. ഒപ്പം, ഷോപ്പുകൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.

Exit mobile version