ഷെഹ്‌ലയ്ക്കായി ശബ്ദമുയർത്തിയ സഹപാഠികളെ ഭീഷണിപ്പെടുത്തുന്നു; അധ്യാപകരെ മാറ്റണമെന്ന് ഷെഹ്‌ലയുടെ കുടുംബം

ബത്തേരി: സുൽത്താൻ ബത്തേരിയിലെ സ്‌കൂൾ ക്ലാസ് മുറിയിൽ വെച്ച് ഷെഹ്‌ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പിടിഎയ്ക്കും അധ്യാപകർക്കും എതിരെ കുടുംബം രംഗത്ത്. ഷെഹ്‌ലയ്ക്കായി ശബ്ദമുയർത്തിയ സഹപാഠികളെ പിടിഎ ഭാരവാഹികളും മറ്റ് ചിലരും ഭീഷണിപ്പെടുത്തുന്നു എന്നാണ് കുടുംബത്തിന്റെ പരാതി. ഷെഹ്‌ലയുടെ മരണത്തിന് ഉത്തരവാദികളായവർക്ക് എതിരെ മൊഴി നൽകിയതിനാണ് കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. കുറ്റക്കാരായ അധ്യാപകരെ മാറ്റിയില്ലെങ്കിൽ കുട്ടികൾക്ക് ആ സ്‌കൂളിൽ തുടർന്ന് പഠിക്കാൻ സാധിക്കില്ലെന്നു ഷെഹ്‌ലയുടെ മാതാവ് പറയുന്നു.

ഷെഹ്‌ല ഷെറിനെന്ന അഞ്ചാം ക്ലാസുകാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പകൽപോലെ വ്യക്തമായതാണ്. പാമ്പ് കടിച്ചതാണെന്ന് അധ്യാപകരോട് ഷെഹ്‌ല ഏറെ തവണ പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ കൂട്ടാക്കിയിരുന്നില്ല. ചികിത്സ വൈകിയതാണ് മരണത്തിന് കാരണമെന്ന് വ്യക്തമായതോടെ ഷെഹ്‌ലയ്ക്ക് നീതി തേടി സഹപാഠികൾ കൂട്ടത്തോടെ തെരുവിലിറങ്ങുകയും ചെയ്തു. ശക്തമായ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികൾ മാധ്യമങ്ങൾക്ക് മുന്നിലും നീതി നിഷേധം വിളിച്ചുപറഞ്ഞിരുന്നു.

ഇതോടെയാണ് പിടിഎയും അധ്യാപകരും വിദ്യാർത്ഥികൾക്ക് എതിരായത്. ഈ വിദ്യാർത്ഥികൾ ഇനിയും അവിടെ പഠനം തുടരുന്നത് ശരിയാവില്ല. പഠനം തുടരുകയാണെങ്കിൽ അധ്യാപകരുടെ പ്രതികാര നടപടികൾ ഉണ്ടാകുമെന്നാണ് ആശങ്ക. ബാലാവകാശ കമ്മീഷനു മുന്നിൽ തെളിവ് നൽകാൻ എത്തിയ വിദ്യാർത്ഥികളേയും ചിലർ ഭീഷണിപ്പെടുത്തിയെന്നും ഷെഹ്‌ലയുടെ ഉമ്മ പറയുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചവരെയും പ്രതിഷേധിച്ചവരെയും പിടിഎ ഭാരവാഹികൾ തിരുത്താൻ ശ്രമിച്ചുവെന്ന് കുട്ടികളും പരാതിപെട്ടിട്ടുണ്ട്.

കുട്ടികളെ തുടർന്ന് അവിടെ പഠിപ്പിക്കാൻ ഭയമാണെന്ന് രക്ഷിതാക്കളും തുറന്നു പറയുന്നു. ഒന്നുകിൽ കുട്ടികളെ അവിടെ നിന്ന് മാറ്റുക അല്ലെങ്കിൽ അധ്യാപകരെ മാറ്റുക എന്നും ഷഹലയുടെ ബന്ധുക്കൾ ആവശ്യപ്പെടുകയാണ്. കുറ്റക്കാരായ അധ്യാപകർ സ്‌കൂളിൽ തുടരുന്നതു കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തുമെന്നും ഷഹലയുടെ മാതൃസഹോദരി പറഞ്ഞു.

Exit mobile version